ജൊഹ്‌നാസ്‌ബര്‍ഗ്: സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. നാലാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇന്ത്യ നേരിയ മുന്‍തൂക്കം സ്വന്തമാക്കി. അര്‍ധസെഞ്ചുറികളുമായി പൊരുതി നിന്ന് എ.ബി.ഡിവില്ലിയേഴ്സ്(80), ഡീല്‍ എല്‍ഗാര്‍(61), ക്വിന്റണ്‍ ഡീ കോക്ക്(12) എന്നിവരെ മടക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. മുഹമ്മദ് ഷാമിക്കാണ് മൂന്ന് വിക്കറ്റും.

12 റണ്‍സുമായി ഫാഫ് ഡൂപ്ലെസിയും മൂന്ന് റണ്ണോടെ വെര്‍നോണ്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 201 റണ്‍സിന്റെ ആകെ ലീഡുണ്ട്. രണ്ടാം സെഷനില്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ഡൂപ്ലെസി ദക്ഷിണാഫ്രിക്കന്‍ ലീ‍ഡ് 250 കടത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാകും. ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി നിരവധി ക്യാച്ചുകള്‍ കൈവിട്ടതാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും തിരിച്ചടിയായത്.

അശ്വിന്റെ പന്തില്‍ ഡൂപ്ലെസി നല്‍കിയ ക്യാച്ച് കെ എല്‍ രാഹുല്‍ ലെഗ് സ്ലിപ്പില്‍ കൈവിട്ടിരുന്നു. അശ്വിന് കാര്യമായ ടേണ്‍ ലഭിക്കാത്തതും ലഭിക്കുന്ന അര്‍ധാവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നിലത്തിടുന്നതും ഇന്ത്യക്ക് വെല്ലുവിളിയാണ്.