ദില്ലി: മലിനീകരണം രൂക്ഷമായ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തില്‍ വച്ചു നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ ഛര്‍ദ്ദിച്ചു. 

ലങ്കന്‍ ഓപ്പണര്‍ സധീര സമരവിക്രമയെ പുറത്താക്കിയ സമി അതേ ഓവറില്‍ ഒരു പന്തു കൂടി ഏറിഞ്ഞ ശേഷം ഗ്രൗണ്ടിന് നടുവില്‍ അവശനായി ഇരിക്കുകയും പിന്നീട് ചര്‍ദ്ദിക്കുകയുമായിരുന്നു. നേരത്തെ ലങ്കന്‍ പേസ് ബൗളര്‍ സുരംഗ ലക്മാല്‍ ക്ഷീണിതനായതിനെ തുടര്‍ന്ന് രണ്ട് തവണ പവലിയനില്‍ പോയി വിശ്രമിച്ച ശേഷമാണ് കളി പൂര്‍ത്തിയാക്കിയത്. 

ഇന്ത്യന്‍ ടീം ബാറ്റ് ചെയ്യുമ്പോള്‍ ലങ്കന്‍ താരങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് ഫില്‍ഡിലിറങ്ങിയത്. ദില്ലിയിലെ കാലാവസ്ഥയെക്കുറിച്ച് ലങ്കന്‍ താരങ്ങളും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐ അധികൃതരെ പരാതി അറിയിച്ചിട്ടുണ്ട്. മത്സരത്തെ ബാധിക്കുന്ന രീതിയില്‍ മലിനീകരണം രൂക്ഷമായതോടെ ശീതകാലത്ത് ഡല്‍ഹിയില്‍ മത്സരങ്ങള്‍ നടത്തേണ്ടന്ന നിലപാടിലാണ് ബിസിസിഐ എന്നാണ് അറിയുന്നത്. 

അതേസമയം ദില്ലി ടെസ്റ്റ് അവസാനദിവസത്തിലേക്ക് കടക്കുമ്പോള്‍ മത്സരം സമനിലയിലാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ശ്രീലങ്ക. വിജയലക്ഷ്യമായ 410 പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുന്ന ലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 178/5 എന്ന നിലയിലാണ്. സെഞ്ച്വറിയുമായി ക്രീസില്‍ നില്‍ക്കുന്ന ധനജ്ഞയ് ഡി സില്‍വയില്‍ ആണ് അവരുടെ പ്രതീക്ഷ.