ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പാഡഴിച്ചിട്ട് നാലുവര്‍ഷത്തോളമാകുന്നു. സച്ചിനോടുള്ള ആദരവിന്റെ ഭാഗമായി സച്ചിന്‍ ഉപയോഗിച്ചിരുന്ന ജഴ്‌സി നമ്പര്‍ പത്ത് ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഷര്‍ദുല്‍ താക്കൂര്‍, സച്ചിന്റെ പത്താം നമ്പര്‍ ജഴ്‌സിയില്‍ ഉപയോഗിച്ചതിനെതിരെ വിമര്‍ശന പെരുമഴയായിരുന്നു ട്വിറ്ററിലും മറ്റും. തന്റെ ജഴ്‌സിയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജഴ്‌സി ഉപയോഗിക്കേണ്ടിവന്നതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഷര്‍ദുല്‍ താക്കൂര്‍. തന്റെ ജന്മദിന തീയതി കൂട്ടി കിട്ടുമ്പോള്‍ ലഭിക്കുന്നത് 10 എന്ന സംഖ്യയാണ്. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലെ ഭാഗ്യ നമ്പരാണ് 10. അതുകൊണ്ടാണ് ജഴ്‌സിയിലേക്ക് പത്താം നമ്പര്‍ ഉള്‍പ്പെടുത്തിയതെന്നും ഷര്‍ദ്ദുല്‍ താക്കൂര്‍ പറയുന്നു. ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിനിടെ അരങ്ങേറ്റക്കാരനായ താക്കൂര്‍, ക്യാപ് സ്വീകരിക്കുന്ന ചിത്രം, ബിസിസിഐയാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തത്. ഈ ചിത്രത്തിനെതിരെയാണ് ട്വിറ്ററിലും മറ്റും രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. സച്ചിന്റെ ആരാധകരാണ് ഷര്‍ദ്ദുലിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.