പിതാവ് നരേന്ദ്ര ഠാക്കൂറിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി.
ചെന്നൈ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ഇന്ത്യന് ടീമിലേക്ക് തെരഞ്ഞെടുക്കപ്പട്ടെന്ന സന്തോഷ വാര്ത്തക്ക് പിന്നാലെ ചെന്നൈ സൂപ്പര് കിംഗ്സ് താരം ഷര്ദ്ദുല് ഠാക്കൂറിനേത്തേടിയെത്തിയത് ദു:ഖവാര്ത്ത. ഷര്ദ്ദുലിന്റെ മാതാപിതാക്കള്ക്ക് പല്ഗാറിലുണ്ടായ ബൈക്ക് അപകടത്തില് പരിക്കേറ്റുവെന്ന വാര്ത്തയാണ് ഇന്ത്യന് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷര്ദ്ദുലിനെ തേടിയെത്തിയത്.
ഇരുവരെയും ഉടന് സമീപത്തുള്ള ഡോ.ധവാലെ ചാരിറ്റബിള് ആശുപത്രിയില് പ്രവേശിപ്പിച്ചു. എന്നാല് പിതാവ് നരേന്ദ്ര ഠാക്കൂറിന്റെ തലച്ചോറില് രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതിനെത്തുടര്ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ ഉടന് ഷര്ദ്ദുല് ആശുപത്രിയിലേക്ക് തിരിച്ചു. വിവാഹത്തില് പങ്കെടുത്ത് മടങ്ങുംവഴിയാണ് ഷര്ദ്ദുലിന്റെ മാതാപിതാക്കള് സഞ്ചരിച്ച ബൈക്ക് അപകടത്തില്പ്പെട്ടത്.
റോഡ് പണി നടക്കുന്ന സ്ഥലത്തുകൂടെ രാത്രി പോകുമ്പോള് ബൈക്ക് തെന്നി വീഴുകയായിരുന്നു. പരിസരവാസികളാണ് ഇരുവരെയും ഉടന് ആശുപത്രിയിലെത്തിച്ചത്. ഷര്ദ്ദുലിന്റെ അമ്മക്ക് നിസാര പരിക്കുകള് മാത്രമാണുള്ളത്. രണ്ടുതവണ ഹൃദയശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള നരേന്ദ്ര ഠാക്കൂര് പ്രമേഹരോഗി കൂടിയാണ്. ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സ് ടീം അംഗമാണ് ഷര്ദ്ദുല് ഠാക്കൂര്. 11ന് രാജസ്ഥാനെതിരെയാണ് ചെന്നൈയുടെ അടുത്തമത്സരം. രാജസ്ഥാനെതിരെ ഷര്ദ്ദുല് കളിക്കുമോ എന്നകാര്യം സംശയത്തിലാണ്.
