Asianet News MalayalamAsianet News Malayalam

ഷോണ്‍ ടെയ്റ്റ് ഇന്ത്യക്കായി കളിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി

Shaun Tait retires from all cricket
Author
Sydney, First Published Mar 27, 2017, 12:02 PM IST

ദില്ലി: പ്രവാസി ഇന്ത്യന്‍ പൗരത്വം ലഭിച്ച ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് ഇന്ത്യക്കായി കളിക്കുമോ എന്ന ആരാധകരുടെ ആകാംക്ഷ ഇനി അവസാനിപ്പിക്കാം. കാരണം ടെയ്റ്റ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. കുറച്ചുകാലം കൂടി ക്രിക്കറ്റില്‍ തുടരണമെന്ന് ആഗ്രമുണ്ടായിരുന്നെങ്കിലും യുവതലമുറയോടൊപ്പം പിടിച്ചു നില്‍ക്കാന്‍ തന്റെ പ്രായം അനുവദിക്കില്ലെന്നും ആഗ്രഹിക്കുന്നപോലെ ടീമിന് വേണ്ട സംഭാവന ചെയ്യാന്‍ കഴിയുന്നില്ലെന്നും തിരിച്ചറിഞ്ഞാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് 34കാരനായ ടെയ്റ്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ ആയിരുന്നു ടെയ്റ്റിന്റെ അവസാന രാജ്യാന്തര ട്വന്റി-20 മത്സരം. 2016-2017 ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടേഴ്സിനെതിരെയാണ് ഹൊബാര്‍ട്ട് ഹറിക്കേന്‍സ് താരമായിരുന്ന ടെയ്റ്റ് അവസാന മത്സരം കളിച്ചത്.

2005ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ടെയ്റ്റ് ക്രിക്കറ്റിലെ ഏറ്റവം വേഗമേറിയ രണ്ടാമത്തെ പന്തെറിഞ്ഞ ബൗളറാണ്. 2010ല്‍ ഇംഗ്ലണ്ടിനെതിരെ ആണ് 161.1 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ടെയ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ മൂന്ന് ടെസ്റ്റുകളുടെ ആയുസ് മാത്രമെ പരിക്ക് വിടാതെ പിന്തുടര്‍ന്ന ടെയ്റ്റിനുണ്ടായിരുന്നുള്ളു. 2008ല്‍ ടെയ്റ്റ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി. 2007ലെ ഏകദിന ലോകകപ്പില്‍ 23 വിക്കറ്റുമായി ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായ ടെയ്റ്റ് ലോകകപ്പ് ഓസീസിന് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2011ല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ടെയ്റ്റ് ഓസീസ് ട്വന്റി-20 ടീമില്‍ പലപ്പോഴും വന്നും പോയുമിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ തുടരുമെന്നും ടെയ്റ്റ് വ്യക്തമാക്കി.

ALSO READ:ഓസീസ് പേസര്‍ ഷോണ്‍ ടെയ്റ്റിന് ഇന്ത്യന്‍ പൗരത്വം

2014ല്‍ ഇന്ത്യന്‍ മോഡലായ മഷ്‌റൂം സിന്‍ഹയെ വിവാഹം കഴിച്ച ടെയ്റ്റിന് കഴിഞ്ഞ ആഴ്ചയാണ് പ്രവാസി ഇന്ത്യക്കാരനുള്ള(ഓവര്‍സീസ് ഇന്ത്യന്‍) പാസ്പോര്‍ട്ട് അനുവദിച്ചത്. നാലുവര്‍ഷത്തെ ഡേറ്റിംഗിനൊടുവിലാണ് ടൈറ്റ് മഷ്റൂം സിന്‍ഹയെ വിവാഹം കഴിച്ചത്. വിവാഹശേഷമാണ് ടെയ്റ്റ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചത്. എന്നാല്‍ ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിക്കാത്തിനാല്‍ ടെയ്റ്റിനെ ഇന്ത്യയുടെ പ്രവാസി പൗരനാക്കുകയായിരുന്നു. ട്വിറ്ററിലൂടെ താരം തന്നെ തന്റെ പാസ്‌പോര്‍ട്ടിന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios