ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ സെഞ്ചുറി തികച്ച ശീഖര്‍ ധവാന് ചരിത്ര നേട്ടം‍. സെഞ്ചുറിയോടെ ഏകദിനത്തില്‍ വേഗത്തില്‍ 13 സെഞ്ചുറികള്‍ തികച്ച താരങ്ങളില്‍ നാലാമതെത്താന്‍ ധവാനായി. 99 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമായിരുന്നു ധവാന്‍റെ 13-ാം ഏകദിന സെഞ്ചുറി. കരിയറിലെ നൂറാം ഏകദിനത്തില്‍ ശതകം തികച്ച ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ധവാന്‍ മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു‍.

ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് കുറഞ്ഞ ഇന്നിംഗ്സുകളില്‍(83) പതിമൂന്ന് സെഞ്ചുറി തികച്ച താരം. 86 ഇന്നിംഗ്സുകളില്‍ നിന്ന് നേട്ടത്തിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്‍റണ്‍ ഡി കോക്കുമാണ് രണ്ടാമത്. മൂന്നാമതുള്ള ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ 91 ഇന്നിംഗ്സുകളില്‍ നിന്ന് 13 സെഞ്ചുറിയിലെത്തി. അതേസമയം 99 ഇന്നിംഗ്സുകളില്‍ നിന്നാണ് ധവാന്‍ നേട്ടം സ്വന്തമാക്കിയത്.