കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ചരിത്ര വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാനില്ലാതെയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയിറങ്ങുക. ധവാന്‍റെ അസാന്നിധ്യത്തില്‍ കെ.എല്‍ രാഹുലാകും മുരളി വിജയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. എന്നാല്‍ പരിക്ക് മൂലം ശിഖര്‍ ധവാന്‍ കളിക്കില്ലെന്ന കാര്യം ടീം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 

ധവാന് പരിക്കാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം പരിക്കേറ്റ ധവാനെ ടീം മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പരിക്ക് ഗുരുതരമാണോ എന്നറിയാന്‍ ധവാനെ എംആര്‍ഐ സ്‌കാനിംഗിന് വിധേയമാക്കും. ജനുവരി അഞ്ചിന് കേപ് ടൗണിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര വിജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.