ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശിഖര്‍ ധവാന്റെ പിറന്നാളായിരുന്നു ഇന്ന്. ക്രിക്കറ്റ് മേഖലയിലുള്ളവരും അല്ലാത്തവരുമായി ആശംസകളുമായി നിരവധി പേര്‍ എത്തുകയും ചെയ്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സെവാഗ്, ഹര്‍ബജന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ആശംസകളുമായെത്തി. 

ശ്രീലങ്കയുമായി നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ നാലാം ദിനം ഇന്ത്യന്‍ ലീഡുയര്‍ത്തുന്നതില്‍ 67 റണ്‍സ് ധവാന്‍ സംഭാവന ചെയ്തിരുന്നു. തുടര്‍ന്ന് ഡ്രസിങ് റൂമില്‍ നടന്ന ആഘോഷങ്ങളിലാണ് പൂജാര ധവാനെ കേക്കിലും സോസിലും കുളിപ്പിച്ചെടുത്തത്.

ധവാന്‍ ചിത്രവും ബാറ്റിന്റെ രൂപവുമുള്ള കേക്ക് മുറിക്കുകയും തുടര്‍ന്ന സോസിലും കേക്കിലും കുളിപ്പിച്ചെടുക്കാന്‍ പൂജാര മുന്‍കൈയെടുക്കുന്നുതും ദൃശ്യങ്ങളില്‍ കാണാം. പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ബിസിസിഐ ആണ് പങ്കുവച്ചത്.

രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവര്‍ക്കൊപ്പം ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷനും ധവാന് ആശംസകളുമായി എത്തി. തനിക്ക് ആശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം ധവാന്‍ തന്റെ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.