ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് ഓപ്പണര്‍ ശീഖര്‍ ധവാന്‍ അപ്രതീക്ഷിതമായി റണ്ണൗട്ടായത്. 29 പന്തില്‍ 35 റണ്‍സുമായി മികച്ച സ്കോറിനുള്ള അടിത്തറയിട്ടപ്പോഴായിരുന്നു ധവാന്റ പുറത്താകല്‍. മത്സരത്തിലെ പതിമൂന്നാം ഓവറില്‍ ക്രിസ് മോറിസ് എറിഞ്ഞ പന്ത് ധവാന്റെ പാഡില്‍ കൊണ്ടപ്പോള്‍ എല്‍ബിഡബ്ല്യൂവിനായി ദക്ഷിണാഫ്രിക്ക ഒന്നടങ്കം അപ്പീല്‍ ചെയ്തു.

ഈ സമയം മറുവശത്തുനിന്ന ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിളി കേട്ട് ഇല്ലാത്ത റണ്ണിനോടിയ ധവാന്‍ നേരിട്ടുള്ള മര്‍ക്രാമിന്റെ ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ധവാന്റെ ഏകദിന കരിയറിലെ ആദ്യ റണ്ണൗട്ടായിരുന്നു ഇത്. റണ്ണൗട്ടായതിന്റെ അരിശം മുഴുവന്‍ തീര്‍ത്താണ് ധവാന്‍ ക്രീസ് വിട്ടത്. ഡ്രസ്സിംഗ് റൂമിലെത്തിയശേഷവും ധവാന്‍ ദേഷ്യത്തോടെ പ്രതികരിക്കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു.