കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെട്ട ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ സന്തുഷ്ടനല്ല. പരിശീലനത്തിന് ഇറങ്ങും മുമ്പ് ധവാനെ പരുക്ക് പിടികൂടിയിരുന്നു. ധവാനെ കൂടുതല്‍ കുരുക്കിലാക്കി പുതിയ വാര്‍ത്ത വന്നിരിക്കുന്നു. ധവാനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ട കുടുംബത്തെ വിമാനത്തില്‍ കയറാന്‍ ദുബായ് വിമാനത്താവളത്തില്‍ വെച്ച് എമിറേറ്റ്സ് അധികൃതര്‍ അനുവദിച്ചില്ല. മുംബൈയില്‍ നിന്ന് ദുബായിലെത്തിയ ശേഷമാണ് ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.
യാത്രക്കാവശ്യമായ രേഖകളുടെ അഭാവമാണ് യാത്ര തടസപ്പെടുത്താന്‍ കാരണം. എന്നാല്‍ എമിറേറ്റ്സ് അധികൃരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ രംഗത്തെത്തി. എമിറേറ്റ്സിന്‍റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ധവാന്‍ വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തില്‍ ഭാര്യയും കുട്ടികളും രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്നും ധവാന്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് യാത്ര തുടങ്ങിയപ്പോള്‍ എന്തുകൊണ്ട് രേഖകള്‍ ആവശ്യപ്പെട്ടില്ലെന്നും ധവാന്‍ ചോദിച്ചു.
