ആന്റിഗ്വ: സഹോദരങ്ങള്‍ ഒരുമിച്ച് കളിക്കുകയും സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമെല്ലാം അടിക്കുന്നതും ക്രിക്കറ്റില്‍ അത്രവലിയ പുതുമയല്ല. എന്നാല്‍ അച്ഛനും മകനും ഒരു ടീമിനായി കളിച്ച് ഫിഫ്റ്റി അടിച്ചാലോ. ഇതിലെ അച്ഛനെ ആരാധകര്‍ എല്ലാവരും അറിയും. ബ്രയാന്‍ ലാറയ്ക്കുശേഷം വിന്‍ഡീസ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്റ്സ്മാന്‍ ശിവനാരായണ്‍ ചന്ദര്‍പോള്‍. മകന്‍ ടെയ്ജ് ചന്ദര്‍പോള്‍.
വിന്‍ഡീസ് ക്രിക്കറ്റ് ലീഗില്‍ ജമൈക്കയ്ക്കെതിരായ മത്സരത്തില്‍ ഗയാനയ്ക്കുവേണ്ടിയാണ് ചന്ദര്‍പോളും മകനും പാഡണിഞ്ഞത്. ഒരേസമയം കളിച്ച ഇരുവരും ചേര്‍ന്ന് 34 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രണ്ടുപേരും അര്‍ധശതകം കുറിച്ചാണ് ക്രീസ് വിട്ടത്. ഓപ്പണറായാണ് മകന്‍ ചന്ദര്‍പോള്‍ ക്രീസിലെത്തിയത്. 58 റണ്‍സും നേടി. അഞ്ചാമനായി ക്രീസിലെത്തിയ അച്ഛന്‍ ചന്ദര്‍പോള്‍ 57 റണ്‍സെടുത്തു. ഗയാന ആദ്യ ഇന്നിങ്സില്‍ 262 റണ്‍സാണെടുത്തത്. ആദ്യം ബാറ്റുചെയ്ത ജമൈക്ക ആദ്യ ഇന്നിങ്സില്‍ 255 റണ്‍സാണെടുത്തത്. രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റിന് 61 എന്നനിലയിലാണ്.
നാലാം വിക്കറ്റിലാണ് അച്ഛനും മകനും ഒരുമിച്ചത്. 74 പന്തില്‍ 38 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. അച്ഛന്റെ പാത പിന്തുടര്‍ന്ന് മക്കള്‍ ക്രീസിലെത്തിയിട്ടുണ്ടെങ്കിലും ആഭ്യന്തരക്രിക്കറ്റില്‍ ഒരേ മത്സരത്തില്‍ കളത്തിലിറങ്ങുകയും ഒരേ സമയം കളിച്ച് അര്‍ധസെഞ്ചുറി കണ്ടെത്തുകയും ചെയ്യുന്നത് അപൂര്‍വമാണ്.
ആഭ്യന്തരക്രിക്കറ്റില്‍ 2013-ല്‍ അരങ്ങേറ്റം കുറിച്ച ടെയ്ജ് ചന്ദര്‍പോള്‍ വിന്‍ഡീസ് അണ്ടര്‍ 19 ടീമിലും കളിച്ചിട്ടുണ്ട്. 164 ടെസ്റ്റ് മത്സരങ്ങളില്‍ വിന്‍ഡീസ് കുപ്പായമണിഞ്ഞ ചന്ദര്‍പോള്‍ 11,867 റണ്‍സെടുത്തിട്ടുണ്ട്. വിന്‍ഡീസിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ചന്ദര്‍പോള്‍. ഇതിഹാസതാരം ബ്രയാന്‍ ലാറയാണ് ചന്ദര്‍പോളിന് മുന്നിലുള്ളത്.
