'മൈതാനത്തും പുറത്തും എങ്ങനെ പ്രതികരിക്കണം എന്ന് ഇരുകൂട്ടർക്കും നന്നായി അറിയാം. പരസ്പരം ഏറ്റുമുട്ടാത്ത സന്ദർഭങ്ങളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ട്'

ലാഹോർ: ക്രിക്കറ്റിലെ പാരമ്പര്യവൈരികളുടെ പോരാട്ടമെന്നാണ് ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരങ്ങള്‍ അറിയപ്പെടുന്നത്. അതിനാല്‍ തന്നെ ഇന്ത്യ- പാക് മത്സരം ആരാധകരെ സംബന്ധിച്ച് അഭിമാനപോരാട്ടം കൂടിയാണ്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യന്‍ ഡെർബിക്ക് വീണ്ടും കളമൊരുങ്ങുന്നതിന്‍റെ ആവേശത്തിലാണ് ഇരു ടീമിന്‍റെയും ആരാധകർ. എന്നാല്‍ വീറും വാശിയും അതിരുവിടുന്ന വൈകാരിക പോരാട്ടത്തിനപ്പുറം ആത്മബന്ധത്തിന്‍റെ കായികാവിഷ്കാരം കൂടിയാണ് ഇന്ത്യാ- പാക് പോരാട്ടം എന്ന് തെളിയിക്കുന്നതാണ് വൈറ്റന്‍ താരം ശുഹൈബ് മാലിക്കിന്‍റെ വാക്കുകള്‍.

അയല്‍ക്കാർ ഏറ്റുമുട്ടുമ്പോള്‍ തികച്ചും പ്രഫഷണലായ മത്സരകമാകും ഉണ്ടാവുകയെന്ന് മാലിക്ക് പറയുന്നു. മൈതാനത്തും പുറത്തും എങ്ങനെ പ്രതികരിക്കണം എന്ന് ഇരുകൂട്ടർക്കും നന്നായി അറിയാം. നേർക്കുനേർ ഏറ്റുമുട്ടാത്ത സന്ദർഭങ്ങളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ട്. എല്ലാം ടീമുകളോടും ഇതേ സമീപനമാണ് തങ്ങള്‍ സ്വീകരിക്കുന്നത്. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം. മത്സരങ്ങള്‍ കാണാന്‍ ഇരു ടീമിന്‍റെയും ആരാധകർ അതിർത്തിക്കപ്പുറം സഞ്ചരിക്കും. അത് ആളുകളെ ഒരു കുടക്കീഴിലാക്കും- ഒരു പാക്കിസ്താന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാലിക്ക് പറഞ്ഞു. 

ഏഷ്യാകപ്പില്‍ സെപ്റ്റംബർ 19-ാം തിയതിയാണ് ഇന്ത്യ- പാക്കിസ്താന്‍ പോരാട്ടം നടക്കുക. ഏഷ്യാകപ്പില്‍ ഇരുകൂട്ടരും രണ്ട് തവണ ഏറ്റുമുട്ടും എന്നാണ് അനുമാനം. ഇംഗ്ലണ്ടില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 180 റണ്‍സിന്‍റെ വമ്പന്‍ മാർജിനില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. നയതന്ത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നാളുകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര മുടങ്ങിക്കിടക്കുകയാണ്.