ക്രൈസ്റ്റ്‌ചര്‍ച്ച്‍: ബ്രാഡ്മാനും സച്ചിനും അടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയാത്ത റെക്കോര്‍ഡിനരികെ അണ്ടര്‍19 ഇന്ത്യന്‍ താരം സുബ്മാന്‍ ഗില്‍. മികച്ച ഫോമിലുള്ള താരം ന്യൂസിലന്‍ഡില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ 170.50 ശരാശരിയില്‍ 341 റണ്‍സ് ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട്. ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ഈ 18കാരന്‍.
അണ്ടര്‍ 19 ക്രിക്കറ്റില്‍ വേഗതയില്‍ 1000 റണ്‍സ് (13 ഇന്നിംഗ്സുകളില്‍)തികച്ച ഗില്ലാണ് 100ലധികം ശരാശരിയുള്ള ഏക താരം. 14 ഇന്നിംഗ്സുകളില്‍ 103.23 ശരാശരിയില്‍ 1118 റണ്‍സാണ് താരത്തിന്‍റെ പേരിലുള്ളത്. ഓസ്‌ട്രേലിയയ്ക്കെതിരായ ഫൈനലില്‍ പൂജ്യത്തിന് പുറത്തായാലും ഗില്ലിക്ക് നൂറിലധികം ശരാശരി നിലനിര്‍ത്താനാകും. ബ്രാഡ്മാന്‍ അടക്കമുള്ള താരങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡാണിത്.
മെഹദി ഹസനു ശേഷം അണ്ടര്‍ 19 ലോകകപ്പില്‍ തുടര്‍ച്ചയായ നാല് ഇന്നിംഗ്സുകളില്‍ 50ലധികം സ്കോര്‍ ചെയ്ത താരമെന്ന നേട്ടം ലോകകപ്പില്‍ ഗില്‍ സ്വന്തമാക്കിയിരുന്നു. അതോടൊപ്പം അണ്ടര്‍ 19 ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറ് ഇന്നിംഗ്സുകളില്‍ അമ്പതിലധികം സ്കോര്‍ ചെയ്ത ആദ്യ താരവുമായി. അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയത് ഗില്ലിന്‍റെ സെഞ്ചുറിയിലൂടെയായിരുന്നു.
