കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനായി കൊല്‍ക്കത്തയിലെത്തിയ ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് ഒരു ചോദ്യം ചോദിച്ചു. കൊല്‍ക്കത്തയില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന്. അതിന് ആവര്‍ നല്‍കിയ മറുപടിയാകട്ടെ രസകരമായിരുന്നു.
നിങ്ങള്‍ ഒരു ക്രിക്കറ്റ് ആരാധകനോ കളിക്കാരനോ ആണെങ്കില്‍ കൊല്‍ക്കത്തയിലെത്തിയാല്‍ ആദ്യം സന്ദര്‍ശിക്കേണ്ട സ്ഥലം വേറെ എവിടെയുമല്ല, അത് കൊല്‍ക്കത്തയുടെ രാജകുമാരനായ സൗരവ് ഗാംഗുലിയടെ വീടാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹൗറ പാലം മുതല്‍ ശാന്തിനികേതനും വിക്ടോറിയ മെമ്മോറിയലും സന്ദര്‍ശിക്കാനും വാര്‍ണറെ ഉപദേശിക്കുന്നു.
ചിലര്‍ ഗാംഗുലിയുടെ വീടിനെ രാജകുമാരന്റെ കൊട്ടാരത്തോട് ഉപമിച്ചപ്പോള്‍ മറ്റുചിലര്‍ ഈഡന്‍ ഗാര്‍ഡന്‍സിനൊപ്പം ഗാംഗുലിയുടെ വീട്ടിലെത്തിയാല്‍ നല്ല മട്ടനിറച്ചി കിട്ടുമെന്നും വാര്‍ണറോട് ഉപദേശിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലി നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമാണ്. ബിസിസിഐയുടെ ഉപദേശക സമിതി അംഗമായും ഗാംഗുലി സേവനമനുഷ്ഠിക്കുന്നുണ്ട്.
