മെഡിക്കല്‍ സംഘത്തിന് നന്ദിയറിയിച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍
ജീവിതത്തിലേക്ക് തന്നെ തിരികെയെത്തിച്ച മെഡിക്കല്‍ സംഘത്തിനാണ് ആദ്യം നന്ദി പറയേണ്ടത്. അവരുടെ മഹനീയ സേവനമില്ലായിരുന്നെങ്കില്‍ താന്‍ ഇന്നിവിടെ ജീവനോടെ ഇരിക്കില്ലായിരുന്നു. എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും പേരില്‍ നന്ദിയറിയിക്കുകയാണ്. ലോകമെമ്പാടു നിന്നും ലഭിച്ച സന്ദേശങ്ങള്‍ എന്നെ വിനയാന്വിതനാക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മത്സരങ്ങള്‍ കാണാന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് തിരിച്ചെത്തുമെന്ന് പറഞ്ഞാണ് ഇതിഹാസ പരിശീലകന്‍ സന്ദേശം അവസാനിപ്പിക്കുന്നത്.
പൂര്‍ണ ആരോഗ്യവാനായാണ് വീഡിയോയില്‍ ഫെര്‍ഗൂസണ്‍ പ്രത്യക്ഷപ്പെട്ടത്. ഇരുപത്തിയാറ് വര്‍ഷക്കാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിച്ച ഫെര്‍ഗൂസണ്‍ 38 കിരീടങ്ങള്‍ ക്ലബിന് നേടിക്കൊടുത്തു. ഫെര്‍ഗൂസണിന് കീഴില്‍ 13 പ്രീമിയര്‍ ലീഗ്, രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ മാഞ്ചസ്റ്റര്‍ സ്വന്തമാക്കി. ദീര്‍ഘകാല മാഞ്ചസ്റ്റര്‍ വാസത്തിനൊടുവില്‍ 2013ലാണ് ഫെര്‍ഗൂസണ്‍ ക്ലബ് വിട്ടത്. നാളുകള്‍ക്ക് ശേഷം ആരോഗ്യവാനായി പ്രത്യക്ഷപ്പെട്ട ഫെര്‍ഗൂസണിന് ആശംസകളുടെ പ്രവാഹമാണ് ലോകമെമ്പാടുനിന്നും ലഭിക്കുന്നത്.
