പൂനെ: സ്പിന്നര്‍മാര്‍ അവരുടെ മിസ്റ്ററി ബോളുകള്‍കൊണ്ട് ബാറ്റ്‌സ്മാന്‍മാര അമ്പരിപ്പിക്കാറുണ്ട്. ഇന്ത്യാ-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും അത്തരമൊരു പന്തുണ്ടായിരുന്നു. പന്തെറിഞ്ഞതാകട്ടെ രവീന്ദ്ര ജഡേജയും. മത്സരത്തിന്റെ 51ാം ഓവറിലായിരുന്നു രസകരമായ സംഭവം. ഹാന്‍കോമ്പിനെതിരെ ജഡേജ എറിഞ്ഞ പന്ത് കൈവിട്ടപ്പോള്‍ പിഴച്ചു. പന്ത് പിച്ചില്‍ രണ്ടുതവണ പിച്ച് ചെയ്താണ് ബാറ്റസ്മാനടുത്തെത്തിയത്.

റണ്‍സിനായി ഹാന്‍ഡ്‌കോമ്പ് ആഞ്ഞുവീശിയെങ്കിലും കൊണ്ടില്ല പന്ത് വൃദ്ധിമാന്‍ സാഹയുടെ ഗ്ലൗസിലൊതുങ്ങി. ഇതോടെ സാഹയും സ്ലിപ്പിലുണ്ടായിരുന്ന മരുളി വിജയും വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ബാറ്റ്സ്മാനടുത്തെത്തുന്നതിന് മുമ്പ് പന്ത് രണ്ടുതവണ പിച്ച് ചെയ്തതിനാല്‍ ആ പന്ത് നോബോളായി.

അതോടെ അപ്പീലുകള്‍ പൊട്ടിച്ചിരിക്ക് വഴിമാറി. ജഡേജ അമ്പയറുടെ മുന്നില്‍ ഇരുന്നാണ് പൊട്ടിച്ചിരിച്ചത്. കോഹ്‌ലിയും അമ്പയറും ഹാന്‍ഡ്‌കോമ്പും എല്ലാം ഈ ചിരിയില്‍ പങ്കുചേര്‍ന്നു.