കാന്‍ബറ: അടുത്ത ആഷസില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമിലെ നിര്‍ണായക സാന്നിധ്യമായിരിക്കുമെന്ന് ടെസ്റ്റ് ടീം നായകന്‍ ടിം പെയ്‌ന്‍. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുകയാണ് നിലവില്‍ ഇരുവരും. എന്നാല്‍ വിലക്ക് മാറി താരങ്ങള്‍ക്ക് ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്നും താരങ്ങളെ ഇരുകൈയും നീട്ടി ടീം സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും നിലവിലെ നായകന്‍ പറഞ്ഞു.

സ്‌മിത്തിന്‍റെയും വാര്‍ണറുടെയും നേട്ടങ്ങളില്‍ ഏവര്‍ക്കും സന്തോഷമുണ്ട്. ടീമിനായി ധാരാളം റണ്‍സ് അടിച്ചുകൂട്ടിയ താരങ്ങളാണിവര്‍. അടുത്ത ആഷസ് ഓസ്‌ട്രേലിയ വിജയിക്കുമെങ്കില്‍ ഇരുവരുടെയും സാന്നിധ്യം നിര്‍ണായകമായിരിക്കും. അത്രത്തോളം ഓസ്‌ട്രേലിയന്‍ ടീമില്‍ അവര്‍ പ്രധാന്യമര്‍ഹിക്കുന്നു. വിലക്ക് മാറുമ്പോള്‍ അവര്‍ ടീമില്‍ തിരികെയെത്തുമെന്നും പഴയ പോലെ ടെസ്റ്റ് മത്സരങ്ങള്‍ വിജയിപ്പിക്കുമെന്നുമാണ് താന്‍ കരുതുന്നതെന്നും പെയ്‌ന്‍ പറഞ്ഞു. 

സ്‌മിത്തിന്‍റെയും വാര്‍ണറുടെയും വിലക്ക്  മാര്‍ച്ച് 29നാണ് അവസാനിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. തുടര്‍ന്ന് നായകന്‍ സ്മിത്തിനെയും ഉപനായകന്‍ വാര്‍ണറെയും 12 മാസത്തേക്കും ബാന്‍ക്രോഫ്‌റ്റിനെ ഒമ്പത് മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കുകയായിരുന്നു. ബാന്‍ക്രോഫ്‌റ്റിന്‍റെ വിലക്ക് ഇതിനകം അവസാനിച്ചിട്ടുണ്ട്.