സച്ചിൻ ടെൻഡുൽക്കരുടെ മറ്റൊരു റെക്കോർഡ് കൂടി പഴങ്കഥയായി. ഓസീസ് നായകൻ സ്റ്റീവ് സ്‌മിത്താണ് സച്ചിനെ മറികടന്നത്. ആഷസ് പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ സെ‌ഞ്ച്വറി നേടിയ സ്‌മിത്ത്, ഏറ്റവും കുറച്ച് മൽസരങ്ങളിൽനിന്ന് 21 സെഞ്ച്വറി തികച്ച നേട്ടമാണ് സച്ചിനെ മറികടന്നത്. സച്ചിന്‍ 110 ഇന്നിംഗ്സുകളിൽനിന്നാണ് 21 സെ‌ഞ്ച്വറി തികച്ചത്. ഈ നേട്ടത്തിലെത്താൻ സ്‌മിത്തിന് 105 ഇന്നിംഗ്സുകൾ മാത്രമാണ് വേണ്ടിവന്നത്. ഇതുകൂടാതെ ക്യാപ്റ്റനായിരിക്കെ ഏറ്റവുമധികം സെഞ്ച്വറിയെന്ന ഓസീസ് താരത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സ്‌മിത്തിന് കഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയിൽ 13മത്തെ സെഞ്ച്വറി തികച്ച സ്‌മിത്ത് ഇക്കാര്യത്തിൽ ഗ്രെഗ് ചാപ്പലിനൊപ്പമെത്തി. സമകാലീന ക്രിക്കറ്റിൽ പത്തിലധികം ടെസ്റ്റ് സെ‌ഞ്ച്വറി നേടിയിട്ടുള്ള ക്യാപ്റ്റൻമാരിൽ ഇന്ത്യൻ നായകൻ വിരാട് കോലിയാണുള്ളത്. കോലി 11 സെ‌ഞ്ച്വറികളാണ് ക്യാപ്റ്റനെന്ന നിലയിൽ നേടിയിട്ടുള്ളത്.