സിഡ്‌നി: യുവതാരത്തെ രക്ഷിക്കാനാണ് പന്ത് ചുരണ്ടലിന്‍റെ ഉത്തരവാദിത്വം സ്റ്റീവ് സ്മിത്ത് ഏറ്റെടുക്കുന്നതെന്ന് വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയന്‍ താരം മോയിസസ് ഹെന്റിക്വസ് ആണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ടീമിലെ സീനിയര്‍ താരങ്ങള്‍ എടുത്ത തീരുമാനമാണ് ബോളില്‍ കൃത്രിമം കാണിക്കുകയെന്നതും, അത് നടപ്പിലാക്കുക മാത്രമാണ് കാമറണ്‍ ബാന്‍ക്രോഫ്റ്റ് ചെയ്തത് എന്നുമായിരുന്നു കേപ്ടൗണില്‍ സ്മിത്ത് വെളിപ്പെടുത്തിയത്.

എന്നാല്‍ ഹെന്റിക്വസ് ഇത് നിഷേധിക്കുന്നു, എന്താണ്  അനന്തരഫലം മനസ്സിലാക്കാതെ പന്തു ചുരണ്ടിയത് കാമറണ്‍ ബാന്‍ക്രോഫ്റ്റാണ്, അയാളെ രക്ഷിക്കാന്‍ സ്മിത്ത് ഉത്തരവാദിത്തമേല്‍ക്കുന്നതാണ്. ടീമിലെ സീനിയര്‍ താരങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നാണ് എന്‍റെ അറിവ്, പിന്നെ എങ്ങനെ ഇത്തരം ഒരു തീരുമാനം എടുക്കും.

അതെസമയം കാമറണ്‍ പന്തില്‍ കൃത്രിമം കാട്ടുന്ന കാര്യം മറ്റാര്‍ക്കും അറിയാമായിരുന്നില്ലെന്ന് ഇതിന് അര്‍ഥമില്ലെന്നും ഹെന്റിക്വസ് പറയുന്നു. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ ഒത്തുകൂടിയില്ലെന്ന് മാത്രമേ ഈ പറഞ്ഞതിന് അര്‍ഥമുള്ളൂവെന്നും ഹെന്റിക്വസ് വ്യക്തമാക്കുന്നു.

അതേസമയം, ഇപ്പോള്‍ ടീമിന്‍റെ ഭാഗമല്ല ഹെന്റിക്വസ്, ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസീസ് ടീമില്‍ അംഗമല്ല. അതുകൊണ്ടുതന്നെ കേപ്ടൗണ്‍ ടെസ്റ്റില്‍  നടന്ന കാര്യങ്ങളെക്കുറിച്ച് ഹെന്റിക്വസ് പറയുന്ന കാര്യങ്ങളില്‍ വ്യക്തത അവകാശപ്പെടാന്‍ പറ്റില്ല. നാലു ടെസ്റ്റുകള്‍ക്കു പുറമെ 11 ഏകദിനങ്ങളിലും 11 ട്വന്റി20 കളിലും ഹെന്റിക്വസ് ഓസീസിനായി കളിച്ചിട്ടുണ്ട്.