ഐ.സി.സി വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ത്യ ഏഴ് വിക്കറ്റിന് വെസ്റ്റ്ഇന്‍ഡീസിനെ തകര്‍ത്തു. സെഞ്ച്വറി നേടിയ സ്മൃതി മന്ധനയാണ് ഇന്ത്യക്ക് അനായാസ ജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് എട്ട് വിക്കറ്റിന് 183 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ദീപ്തി ശര്‍മ, പൂനം യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഇന്ത്യ 45 പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്മൃതി 106 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ മിതാലി രാജ് 46 റണ്‍സെടുത്തു. മോണ മെശ്രാം 18 റണ്‍സുമായി സ്മൃതിക്കൊപ്പം പുറത്താവാതെ നിന്നു. ആദ്യ കളിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു.