മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീതിനെ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തിനെയും വെല്ലുവിളിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ ആതിഥ്യമരുളുമ്പോള്‍ അതിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടാണ് വ്യത്യസ്തമായ ചാലഞ്ചുമായി താരമെത്തിയത്. ജഗിള്‍ ലൈക് എ ചാമ്പ് എന്ന പേരിലുള്ള മത്സരത്തിനാണ് മന്ദാന ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പിന്‍റെ പ്രചരണാര്‍ത്ഥമാണ് ചാലഞ്ച് നടത്തുന്നത്. 

ചലഞ്ചിന്റെ ഭാഗമായി ഫുട്ബോൾ ആരാധകരും സിനിമ താരങ്ങളും അവരുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചു തുടങ്ങി. ജഗിള്‍ ലൈക് എ ചാമ്പ് എന്ന ചാലഞ്ചിന് തുടക്കമിട്ടത് ഒളിംപിക്സ് മെഡൽ ജേതാവായ പിവി സിന്ധുവാണ്. ഒക്ടോബര്‍ ആറിനാണ് കാല്‍പ്പന്തു കളിയുടെ കൗമാരപ്പോരാട്ടത്തിന് തുടക്കമാവുന്നത്. കൊച്ചിയിലടക്കം ആറു വേദികളിലാണ് മത്സരം നടക്കുന്നത്. ഒക്ടോബര്‍ 28 നാണ് ഫൈനല്‍.