ലണ്ടന്‍: വനിതാ ലോകപ്പില്‍ ഉദിച്ചുയര്‍ന്ന ഇന്ത്യയുടെ പുതിയ സൂപ്പര്‍ താരമാണ് സ്‌മൃതി മന്ദാനയെന്ന 20കാരി. ആദ്യ രണ്ട് മത്സരങ്ങളില്‍ 196 റണ്‍സടിച്ച പ്രകടനത്തോടെ സ്‌മൃതിയെ ആരാധകര്‍ വനിതാ ക്രിക്കറ്റിലെ വീരേന്ദര്‍ സെവാഗ് എന്ന് വിളിച്ചു തുടങ്ങി. എന്നാല്‍ സ്‌മൃതിയുടെ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം സെവാഗോ സച്ചിനോ ധോണിയോ ഒന്നുമല്ല. എന്തിന് അതൊരു ഇന്ത്യന്‍ താരം പോലുമല്ല.

മുന്‍ ലങ്കന്‍ നായനും ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസവുമായ കുമാര്‍ സംഗക്കാരയാണ് സ്‌മൃതിയുടെ ഇഷ്ടതാരമെന്ന് സ്‌മൃതിയുടെ ബാല്യകാല പരിശീലകനായ അനന്ദ് ടംബ്‌വേക്കര്‍ പറഞ്ഞു. സംഗക്കാരയെ അന്ധമായി അനുകരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്‌മൃതിയെ പലപ്പോഴും ശകാരിക്കേണ്ടി വന്നിട്ടുണ്ടെന്നും ആനന്ദ് വെളിപ്പെടുത്തി. നെറ്റ്സില്‍ ബാറ്റ് ചെയ്യാനെത്തുമ്പോഴാണ് സ്‌മൃതി സംഗക്കാരയെ അനുകരിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പേരില്‍ സ്‌മൃതിയെ നിരവധി തവണ ചീത്ത പറയേണ്ടിവന്നിട്ടുണ്ടെന്നും ആനന്ദ് വ്യക്തമാക്കി.

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി അടിച്ചശേഷം സ്‌മൃതി തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ആനന്ദ് പറഞ്ഞു. ആ വിളി പ്രതീക്ഷിച്ചതല്ല. അവരെന്നെ മറന്നിട്ടില്ലെന്ന് അറിഞ്ഞതില്‍ സന്തോഷം. തന്റെ ബാറ്റിംഗില്‍ എന്തെങ്കിലും പോരായ്മകളുണ്ടായിരുന്നോ എന്ന് സ്‌മൃതി ചോദിച്ചതായും ആനന്ദ് വ്യക്തമാക്കി. 25 ഏകദിനങ്ങള്‍ കളിച്ച സ്‌മൃതി ആറ് അര്‍ധ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും നേടിയിട്ടുണ്ട്.