തിരുവനന്തപുരം: മുന്‍ നായകന്‍ എംഎസ് ധോണിയെയും തന്നെയും തമ്മിലടിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വെളിപ്പെടത്തല്‍. ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍ എന്ന വെബ് സീരീസിനിടെയാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ താനും ധോണിയുമായുള്ള ബന്ധം കാലങ്ങള്‍ക്കൊണ്ട് രൂപപ്പെട്ടതാണെന്നും അത് തകര്‍ക്കാര്‍ ആര്‍ക്കും കഴിയില്ലെന്നും കോലി പറഞ്ഞു.
ഞാനും ധോണിയും തമ്മില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ഞങ്ങള്‍ രണ്ടാളും വായിക്കാറില്ല. പിന്നീട് ഒരുമിച്ച് കാണുമ്പോള്‍ പലരും അത്ഭുതപ്പടുന്നത് കണ്ടിട്ടുണ്ട്. ഇവര്‍ തമ്മിലല്ലെ ഉടക്കാണെന്ന് വാര്‍ത്തകള്‍ കണ്ടതെന്ന രീതിയില്‍. ഈ സാഹചര്യങ്ങള്‍ ഞങ്ങള്‍ രണ്ടാളും ശരിക്കും ആസ്വദിക്കാറുമുണ്ട്.
ധോണിയോളം ക്രിക്കറ്റ് ബുദ്ധിയുള്ള മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും കോലി പറഞ്ഞു. കളിക്കുന്ന സമയത്ത് ധോണിയുടെ വാക്കുകള്‍ പ്രധാനപ്പെട്ടതാണ്. ധോണിയുടെ ഉപദേശങ്ങള്‍ 10ല്‍ ഒമ്പതും ശരിയായി വന്നിട്ടുണ്ട്. ധോണിയോട് പലപ്പോഴും തമാശകള്‍ പങ്കിടുമ്പോള്‍ അദ്ദേഹം അത് നല്ല രീതിയില്‍ ആസ്വദിക്കാറുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ തലമുറ മാറ്റം ഇത്രയും അനായസം സാധ്യമാക്കിയത് ധോണിയുടെ മികവാണെന്നും കോലി വ്യക്തമാക്കി.
ധോണിയെപ്പോലൊരു താരം ടീമിലുള്ളത് തന്റെ ഭാഗ്യമാണെന്നും ധോണിയുടെ കഴിവുകളില്‍ തനിക്ക് പൂര്‍ണ വിശ്വസമാണുള്ളതെന്നും കോലി വ്യക്തമാക്കി. ധോണിയില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. റണ്‍സിനായി ഓടുന്നതിനിടെ അദ്ദേഹം രണ്ട് റണ്‍സെന്ന് പറഞ്ഞാല്‍ ഞാന്‍ കണ്ണുംപൂട്ടിയോടും. കാരണം എനിക്കറിയാം ധോണിയുടെ വിലയിരുത്തല്‍ തെറ്റാറില്ലെന്ന്-കോലി പറഞ്ഞു.
