മ്യൂണിച്ച്: ലോക ഫുട്ബോളിലെ ശക്തിയെ തീരുമാനിക്കുന്ന അന്തിമ പോരാട്ടത്തിന് മാസങ്ങള്‍ മാത്രം. പുതിയ റെക്കോര്‍ഡ‍ുകളും കളിമികവും റഷ്യയിലെ ഫുട്ബോള്‍ ആവേശത്തെ ചൂടുപിടിപ്പിക്കുമെന്നുറപ്പ്. റഷ്യയില്‍ തകര്‍ക്കപ്പെടില്ലെന്ന് കരുതുന്ന റെക്കോര്‍ഡുകളിലൊന്ന് ജര്‍മ്മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ ലോകകപ്പ് ടോപ് സ്കോററെന്ന നേട്ടമാണ്. 

മൂന്ന് ലോകകപ്പുകളില്‍ കളിച്ച ക്ലേസെയുടെ പേരില്‍ 16 ഗോളുകളാണുള്ളത്. 15 ഗോളുകള്‍ നേടിയ ബ്രസീലിയന്‍ ഇതിഹാസം റെണാള്‍ഡോയുടെ റെക്കോര്‍ഡ് ക്ലോസെ കഴിഞ്ഞ ലോകകപ്പില്‍ മറികടന്നിരുന്നു. എന്നാല്‍ അവിശ്വസനീയം എന്ന് തോന്നുമെങ്കിലും തന്‍റെ റെക്കോര്‍ഡ് തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുന്നു ക്ലോസെ. ഫിഫ ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ക്ലോസെ വെളിപ്പെടുത്തല്‍ നടത്തിയത്. 

2018 ലോകകപ്പ് കളിക്കുന്ന താരങ്ങളില്‍ ജര്‍മ്മനിയുടെ തോമസ് മുള്ളറാണ് കൂടുതല്‍ ഗോള്‍ നേടിയ താരം. 10 ഗോളുകള്‍ നേടിയ 28കാരനായ മുള്ളര്‍ക്ക് ആറ് ഗോളുകള്‍ കൂടി വേണം ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍. രണ്ട് ലോകകപ്പുകളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ മുള്ളറാണ് ക്ലോസെയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരം. അതേസമയം റഷ്യന്‍ ലോകകപ്പില്‍ ജര്‍മ്മന്‍ ടീമിന്‍റെ സഹപരിശീലകനായാണ് ക്ലോസെയെ കാണാനാവുക.