പൂജാരയ്ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കുന്നില്ലെന്നും ദാദ

കൊല്‍ക്കത്ത: ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാനാണ് ചേതേശ്വര്‍ പൂജാര. 2017ല്‍ ടെസ്റ്റ് റണ്‍വേട്ടയില്‍ സ്റ്റീവ് സ്മിത്തിന് പിന്നില്‍ രണ്ടാമനായിരുന്നു. 11 മത്സരങ്ങളില്‍ 18 ഇന്നിംഗ്സില്‍ നിന്ന് അഞ്ച് സെഞ്ചുറിയടക്കം 1140 റണ്‍സാണ് പൂജാര അടിച്ചെടുത്തത്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ മധ്യനിരയിലെ വന്‍മതിലായിട്ടും അര്‍ഹിച്ച അംഗീകാരങ്ങള്‍ പൂജാരയ്ക്ക് പലപ്പൊഴും ലഭിച്ചില്ല.

അതേസമയം റണ്‍വേട്ടയില്‍ നാലാമനായിരുന്നെങ്കിലും(1059) കോലിയായിരുന്നു കഴിഞ്ഞ വര്‍ഷം കൂടുതല്‍ ആഘോഷിക്കപ്പെട്ട ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍. എന്നാല്‍ ടെസ്റ്റില്‍ വിരാട് കോലിയോളം മികച്ച താരമാണ് പൂജാരയെന്ന് തുറന്നുപറഞ്ഞിരിക്കയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 57 ടെസ്റ്റില്‍ നിന്ന് 14 സെഞ്ചുറികള്‍ നേടിയിട്ടും പൂജാരയെ ആരും പരിഗണിക്കുന്നില്ലെന്ന് വേദനയോടെ ദാദ പറയുന്നു. 

മികച്ച ടീമിന് മൂന്നാം നമ്പറില്‍ മികച്ച താരമുണ്ടാകും. ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ചവെച്ച കാലത്ത് ദ്രാവിഡായിരുന്നു മൂന്നാം നമ്പറിലെ സൂപ്പര്‍ താരം. ഇന്ത്യ വിദേശത്ത് മികച്ച പ്രകടനം നടത്തിയ സമയത്ത് പൂജാരയായിരുന്നു മൂന്നാം നമ്പറില്‍. നിലവിലെ ടെസ്റ്റ് ടീമില്‍ കോലിയോളം പ്രാധാന്യമര്‍ഹിക്കുന്ന താരമാണ് പൂജാരയെന്നാണ് ഗാംഗുലി പറഞ്ഞു. 57 ടെസ്റ്റില്‍ 50.51 ശരാശരിയില്‍ 4496 റണ്‍സ് പൂജാരയുടെ പേരിലുണ്ട്.