നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടെന്ന് ഗാംഗുലി കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് ഗാംഗുലിയും
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തില് ഇന്ത്യ-വെസ്റ്റിന്ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടത്തുന്നതിനെ കുറിച്ചുള്ള ആശയക്കുഴപ്പം നിലനില്ക്കേ നിലപാട് തുറന്ന് പറഞ്ഞ് ഇന്ത്യന് മുന് നായകന് സൗരവ് ഗാംഗുലിയും. കൊച്ചിയില് ഫുട്ബോളും, കാര്യവട്ടത്ത് ക്രിക്കറ്റും നടക്കട്ടെയെന്ന സച്ചിന്റെ നിലപാടിനൊപ്പം ഞാനുമുണ്ടെന്ന് സൗരവ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
''ഞാന് നിങ്ങള്ക്ക് ഒപ്പമുണ്ട് സച്ചിന്, ഈ കാര്യം ബിസിസിഐ സിഇഒ രാഹുല് ജോഹ്റിയുടെ ശ്രദ്ധയിലേക്കും കൊണ്ടുവരുന്നു. കെസിഎയ്ക്ക് മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളുണ്ട്.'' ട്വിറ്ററില് ഗാംഗുലി കുറിക്കുന്നു.
കൊച്ചിയില് ഫുട്ബോള് മതിയെന്ന് അഭിപ്രായപ്പെട്ട സച്ചിന് തെണ്ടുല്ക്കറിന്റെ ട്വിറ്റ്, റിട്വീറ്റ് ചെയ്തായിരുന്നു ഗാംഗുലിയുടെ പ്രതികരണം. കലൂര് സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്ബോള് ടര്ഫ് നശിപ്പിക്കരുതെന്നായിരുന്നു സച്ചിന് അഭിപ്രായപ്പെട്ടത്. ഏകദിനം തിരുവനന്തപുരത്ത് നടത്തി കെസിഎ ഫുട്ബോളുമായി സഹകരിക്കണമെന്ന് സച്ചിന് വ്യക്തമാക്കി. ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും സച്ചിന് ട്വിറ്ററില് കുറിച്ചു.
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില് ഇന്ത്യ-വെസ്റ്റിന്ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ പ്രതിഷേധം പുകയുകയാണ്. ക്രിക്കറ്റിനായി ഗ്രൗണ്ടില് വരുത്തുന്ന മാറ്റങ്ങള് ഐഎസ്എല് മത്സരങ്ങള് ഇവിടെ നടത്തുന്നതിന് തടസമാകും എന്നതാണ് പ്രധാന പരാതി. എന്നാല് മത്സരങ്ങള് നടത്തുന്നതില് നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ തടയാന് ആവില്ല എന്നതാണ് കേരള ഫുട്ബോള് അസോസിയേഷന്റെ നിലപാട്. നവംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം കൊച്ചിയിൽ നടത്താനാണ് കേരള ക്രിക്കറ്റ് അസോസിയേഷിന്റെ തീരുമാനം.
കലൂർ സ്റ്റേഡിയത്തിന്റെ ചുമതലക്കാരായ ജിസിഡിഎയുമായി ചർച്ച നടത്തിയ ശേഷമായാരുന്നു തിരുമാനം. നിലവില് സ്റ്റേഡിയം പരിപാലിക്കുന്നത് കെസിഎ ആണ്. ഇതിനിടെയാണ് കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്താനുള്ള തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാൻ ഹ്യൂമും സികെ വിനീതും രംഗത്തെത്തിയത്.
ക്രിക്കറ്റ് സ്റ്റേഡിയമായ കൊൽക്കത്തിയിലെ ഈഡൻ ഗാർഡൻ ഒരുദിവസത്തേക്ക് ഫുട്ബോളിന് വിട്ടു നൽകുമോയെന്നും താരങ്ങൾ ചോദിക്കുന്നു. തിരുവനന്തപുരത്തുനിന്ന് ഏകദിന വേദി മാറ്റാനുള്ള തീരുമാനത്തിനെതിരെ ശശി തരൂർ എംപിയും രംഗത്തെത്തി. വേദി മാറ്റാനുള്ള കെ സി എ തീരുമാനം സംശയാസ്പദമാണെന്നും ഇക്കാര്യത്തിൽ ബിസിസിഐ ഇടപെടണമെന്ന് ബോർഡിന്റെ താൽക്കാലിക അധ്യക്ഷൻ വിനോദ് റായിയോട് ആവശ്യപ്പെട്ടുവെന്നും ശശി തരൂർ പറഞ്ഞു.
