കൊല്‍ക്കത്ത: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. എന്നാല്‍ 2005ല്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലുമായുണ്ടായ അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് ദാദയ്ക്ക് നായക സ്ഥാനം നഷ്ടമായി. ദേശീയ ടീമില്‍ നിന്ന് തന്നെ താന്‍ തെറിക്കാന്‍ കാരണമാക്കിയത് ഈ സംഭവമാണെന്ന് കൊല്‍ക്കത്തയുടെ രാജകുമാരന്‍ പറയുന്നു.  

മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗ്രെഗ് ചാപ്പലിനെ പരിശീലകനാക്കിയ തന്‍റെ തീരുമാനം കരിയര്‍ നശിപ്പിച്ചു. ചാപ്പലുമായുള്ള ബന്ധം തകര്‍ന്നതിന്‍റെ കാരണം തനിക്കറിയില്ല. 2007 ലോകകപ്പിന് ശേഷം ചാപ്പലുമായി സംസാരിച്ചിട്ട് പോലുമില്ലെന്ന് ഗാംഗുലി പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദാദയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. 

ജോണ്‍ റൈറ്റ് രാജിവെച്ച ഒഴിവില്‍ ഗാഗുലിയാണ് പരിശീലക സ്ഥാനത്തേക്ക് ഗ്രെഗ് ചാപ്പലിനെ നിര്‍ദേശിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു ഗാംഗുലിയുടെ നീക്കം. എന്നാല്‍ സിംബാ‌ബ്‌വെ പര്യടനത്തിനിടെ ഉടലെടുത്ത പ്രശ്നങ്ങള്‍ നായക സ്ഥാനത്ത് നിന്ന് ഗാംഗുലി പുറത്താകുന്നതിലാണ് അവസാനിച്ചത്.

ചാപ്പലുമായുള്ള പ്രശ്നത്തില്‍ തനിക്ക് പന്തുണ നല്‍കിയത് മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇമ്രാന്‍ ഖാനാണെന്ന് ഗാഗുലി നേരത്തെ വെളിപ്പെടുത്തിയിരുന്നു.