കൊല്‍ക്കത്ത: ഐപിഎല്ലില്‍ നായകനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ്. കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ച ഗൗതം ഗംഭീറിനെ നിലനിര്‍ത്താതിരുന്നതാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. നായക സ്ഥാനത്തേക്ക് പല പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നതിനിടയില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ദാദയുടെ അഭിപ്രായത്തില്‍ റോബിന്‍ ഉത്തപ്പയാണ് ടീമിനെ നയിക്കാന്‍ കൂടുതല്‍ യോഗ്യന്‍. ഐപിഎല്ലില്‍ ഉത്തപ്പയുടെ പരിചയസമ്പത്തും കൊല്‍ക്കത്ത ടീമുമായുള്ള ദീര്‍ഘബന്ധവും ടീമിന് ഗുണം ചെയ്യുമെന്നാണ് ഗാംഗുലിയുടെ വിശ്വാസം. അതേസമയം ദിനേശ് കാര്‍ത്തിക്കിനെയും നായക സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് ദാദ പറയുന്നു. നായകനാകാന്‍ പ്രാപ്തനായ ഓസീസ് താരം ക്രിസ് ലിന്നിന് പരിക്കേറ്റതും കൊല്‍ക്കത്തയെ വലയ്ക്കുന്നുണ്ട്.