ദില്ലി: ബിസിസിഐയുടെ വരുമാനത്തിന് ആനുപാതികമായി പ്രതിഫലം വേണമെന്ന താരങ്ങളുടെ ആവശ്യത്തെ പരസ്യമായി പിന്തുണച്ച് സൗരവ് ഗാംഗുലി. ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ വലിയ ലാഭം ഉണ്ടാക്കുന്നുണ്ടെന്നും അതിന്‍റെ ഓഹരി ലഭിക്കാന്‍ താരങ്ങള്‍ക്ക് അവകാശമുണ്ടെന്നും ദാദ പറഞ്ഞു. വിരാട് കോലി ബാറ്റു ചെയ്യുമ്പോള്‍ രാജ്യം മൊത്തം അദേഹത്തെ വീക്ഷിക്കുന്നുണ്ടെന്ന് സംപ്രേഷണ അവകാശം ചൂണ്ടിക്കാട്ടി അദേഹം പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും പ്രതിഫല വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബിസിഐ ഭരണസമിതിയെ സമീപിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണ അവകാശം 16300 കോടി എന്ന റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ സ്പോര്‍ട്‌സിന് നല്കിയിരുന്നു. ഈ ലാഭത്തിലെ ഒരു വിഹിതം വേണമെന്നാണ് ബിസിസിഐയോട് ഇരുവരും ആവശ്യപ്പെട്ടത്.

ശരാശരി 15 വര്‍ഷം മാത്രമാണ് താരങ്ങളുടെ കരിയറെന്നിരിക്കെ ചുരുക്കം പേരാണ് രണ്ട് പതിറ്റാണ്ട് കളിക്കുക. അതിനാല്‍ കളിക്കുന്ന കാലയളവില്‍ താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ഗാംഗുലി വ്യക്തമാക്കി. ബിസിസിഐയുടെ വരുമാനവുമായി താരതമ്യപ്പെടുത്തിയ ശേഷം കളിക്കാരുടെ പ്രതിഫലത്തില്‍ മാറ്റം വരുത്തുമെന്ന് വിനോദ് റായ് കൂടുക്കാഴ്ച്ചക്കു ശേഷം അറിയിച്ചിരുന്നു. ബിസിസിഐയുടെ വരുമാനവുമായി തട്ടിച്ചുനോക്കിയാല്‍ താരങ്ങള്‍ക്ക് വന്‍ പ്രതിഫല വര്‍ദ്ധനവുണ്ടാകും.