പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്ക 335ന് പുറത്ത്

First Published 14, Jan 2018, 3:37 PM IST
SOUTH AFRICA ALLOUT BY 335 IN SECOND TEST VS INDIA
Highlights

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 335ന് പുറത്ത്. രണ്ടാം ദിനം ആറ് വിക്കറ്റിന് 269 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 66 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ഫീള്‍ഡര്‍മാര്‍ ക്യാച്ചുകള്‍ വിട്ടുകളയാന്‍ മത്സരിച്ചപ്പോള്‍ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. 

54 പന്തില്‍ 18 റണ്‍സെടുത്ത കേശവ് മഹാരാജിന്‍റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നാദ്യം നഷ്ടമായത്. കഗിസോ രബാദ 11 റണ്‍സെടുത്തും മോണി മോര്‍ക്കല്‍ ആറ് റണ്‍സെടുത്തും പുറത്തായി. എന്നാല്‍ ഒരറ്റത്ത് പ്രതിരോധിച്ച് കളിച്ച ഡുപ്ലസിസ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. നായകന്‍റെ ഇന്നിംഗ്സ് കളിച്ച ഫാഫ് ഡുപ്ലസിസ് 142 പന്തില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡുപ്ലസിയെ ഇശാന്ത് മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം അവസാനിക്കുകയായിരുന്നു. 

കേശവ് മഹാരാജിനെ പേസര്‍ ഷമി വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥീവിന്‍റെ കൈകളില്‍ എത്തിച്ചപ്പോള്‍ രബാദയെ ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ പാണ്ഡ്യ പറക്കും ക്യാച്ചിലൂടെ പുറത്താക്കി. ടീം സ്കോര്‍ 335ല്‍ നില്‍ക്കേ മോര്‍ക്കലിനെ അശ്വിന്‍ വിജയിയുടെ കൈകളിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിച്ചു. 

ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മര്‍ക്രാം(94), ഹാഷിം അംല(82) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. ഡീന്‍ എള്‍ഗര്‍ 31 റണ്‍സെടുത്തും എബി ഡിവില്ലേഴ്സ് 20 റണ്‍സെടുത്തും പുറത്തായി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാലും ഇശാന്ത് ശര്‍മ്മ മൂന്നും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. മികച്ച തുടക്കം ലഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.


 

loader