ജൊഹന്നസ്ബര്‍ഗ്: മഴയും മിന്നലും മാറിമാറി കളിച്ച മത്സരത്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. നാലാം ഏകദിനത്തില്‍ മഴ മൂലം പുതുക്കി നിശ്ചയിച്ച 202 റണ്‍സ് വിജയലക്ഷ്യം 25.6 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രോട്ടീസ് മറികടന്നു. ഡേവിഡ് മില്ലര്‍, ക്ലാസന്‍, ഫെലൂക്വായോ, ഡിവില്ലിയേഴ്സ് എന്നിവരുടെ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്.
ഇതോടെ പിങ്ക് ജേഴ്സിയില്‍ കളിച്ച മത്സരങ്ങളൊന്നും പരാജയപ്പെടാത്ത ടീം എന്ന ചരിത്രം ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിരുന്നു. ഇന്ത്യയ്ക്കായി ശീഖര്‍ ധവാന്‍ സെഞ്ചുറിയും(109), നായകന്‍ വിരാട് കോലി അര്‍ദ്ധ സെഞ്ചുറിയും(75) നേടി. കരിയറിലെ നൂറാം ഏകദിനത്തിലാണ് ധവാന്‍ 13-ാം ശതകം സ്വന്തമാക്കിയത്. ഇതോടെ നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ധവാന്‍ നേടി.
എന്നാല്‍ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്‍റെ തുടക്കവും മോശമായിരുന്നു. ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമിനെ(22) ബൂംമ്ര മടക്കുമ്പോള്‍ ടീം സ്കോര്‍ 43. പിന്നാലെ കനത്ത ഇടിമിന്നലും മഴയുമെത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മഴ മൂലം ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി വെട്ടിച്ചുരുക്കി. അതോടെ 124 ബോളില്‍ 159 റണ്‍സായി ദക്ഷിണാഫ്രിക്കയ്ക്ക് ഇനി വേണ്ടത്. കയ്യിലുള്ളത് ഒമ്പത് വിക്കറ്റും. എന്നാല്‍ ഡുമിനിയെയും(10) അംലയെയും(33) പുറത്താക്കി കുല്‍ദീപ് ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക 77-3 എന്ന നിലയില്‍ പരുങ്ങി.
ഇന്ത്യയ്ക്ക് യഥാര്‍ത്ഥ ദക്ഷിണാഫ്രിക്കന്‍ പരീക്ഷ അവിടെ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പിങ്ക് ജഴ്‌സിയില്‍ കൂറ്റനടിക്ക് പേരുകേട്ട എ ബി ഡിവില്ലിയേഴ്‌സ് ഒരിക്കല്‍ കൂടി സംഹാരം തുടങ്ങി. 16-ാം ഓവറില്‍ ചഹലിനെ തുടര്‍ച്ചയായ സിക്സുകള്‍ക്ക് എബിഡി പറത്തിതോടെ ജൊഹന്നസ്ബര്‍ഗ് വെടിക്കെട്ടിന് തുടക്കം. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ 18 പന്തില്‍ 26 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ പാണ്ഡ്യ പുറത്താക്കിയതോടെ ഇന്ത്യ അമ്പത് ശതമാനം വിജയം ഉറപ്പിച്ചു. അവിടം കൊണ്ടും നായകീയത അവസാനിച്ചില്ല. 18-ാം ഓവറിലെ അവസാന പന്തില്‍ ആറ് റണ്‍സ് മാത്രമെടുത്ത മില്ലറെ ചഹല്‍ പുറത്താക്കി.
എന്നാല്‍ അംപയര്‍ നോ ബോള്‍ വിളിച്ചതോടെ മടങ്ങിയെത്തിയ മില്ലര്‍ മിന്നലായി. ഫ്രീ ഹിറ്റില്‍ രണ്ട് റണ്‍സെടുത്ത് തുടക്കം. അടുത്ത ഓവറില്‍ പാണ്ഡ്യയ്ക്കെതിരെ തുടര്‍ച്ചയായ മൂന്ന് ഫോറുകളടിച്ച് മില്ലര്‍ നയം വ്യക്തമാക്കി. മില്ലര്‍ക്കൊപ്പം ക്ലാസന്‍ കൂടി കൂറ്റനടി പുറത്തെടുത്തതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. ഇന്ത്യയുടെ സ്‌പിന്‍ ജോഡിയായ ചഹലും കുല്‍ദീപും ഇരുവരുടെയും ബാറ്റിന്‍റെ ചൂടറിഞ്ഞു. മഴയില്‍ കുതിര്‍ന്ന പിച്ചില്‍ ഫീല്‍ഡര്‍മാരുടെ കൈസഹായം കൂടിയായതോടെ ദക്ഷിണാഫ്രിക്ക അതിവേഗം സ്കോര്‍ ഉയര്‍ത്തി. മില്ലര്‍ മടങ്ങിയെത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
എന്നാല്‍ ഒരിക്കല്‍ കളഞ്ഞുകുളിച്ച അവസരത്തിന് പകരംവീട്ടി ചഹല്‍ മില്ലറെ 23.4 ഓവറില്‍ ഗാലറിയിലേക്ക് പറഞ്ഞയച്ചു. 28 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 39 റണ്‍സായിരുന്നു മില്ലറുടെ സംഭാവന. മില്ലര്‍ പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 174-5. എന്നാല്‍ ക്ലാസന്‍ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. ആറാം വിക്കറ്റില്‍ ക്ലാസനൊപ്പം ചേര്‍ന്ന ഫെലൂക്വായോ കരുതിവെച്ചത് മറ്റൊന്ന്. അഞ്ച് ബോളില്‍ മൂന്ന് സിക്സും ഒരു ഫോറുമടക്കം 23 റണ്‍സടിച്ച് ഫെലൂക്വായോ മനോഹരമായി പിങ്ക് ഡേ അവസാനിപ്പിച്ചു. അതും ചഹലിനെ കൂറ്റന്‍ സിക്സിന് പറത്തി.
മറുവശത്ത് ക്ലാസന്‍ 27 പന്തില്‍ 43 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ മധുരം പകര്‍ന്നു. തീയിലും കരിയാത്ത പ്രോട്ടീസിന് ജൊഹന്നസ്ബര്‍ഗില്‍ മഴയെയും മിന്നലിനെയും അതിജീവിച്ച് പരമ്പരയിലെ ആദ്യ ജയം. ഇന്ത്യയ്ക്കായി കുല്‍ദീപ് രണ്ടും പാണ്ഡ്യയും ബൂംമ്രയും ചഹലും ഓരോ വിക്കറ്റുകളും നേടി. ഇതോടെ ആറ് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-3ന് ദക്ഷിണാഫ്രിക്ക പ്രതീക്ഷ നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായകമായ റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്ലാസനാണ് കളിയിലെ താരം.
