സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രം കുറിക്കാന്‍ ടീം ഇന്ത്യ ഇനിയും കാത്തിരിക്കണം. രണ്ടാം ടെസ്റ്റിലും തോറ്റ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിന്നിലായി. 135 റണ്‍സിനാണ് ഇന്ത്യ തോറ്റമ്പിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്താകുകയായിരുന്നു. 47 റണ്‍സെടുത്ത രോഹിത് ശര്‍മ്മയ്ക്കും 28 റണ്‍സെടുത്ത മൊഹമ്മദ് ഷമിയ്ക്കും ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ആറു ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അരങ്ങേറ്റക്കാരന്‍ ലുങ്കി എന്‍കിടി ആറു വിക്കറ്റ് വീഴ്ത്തി. ഇരു ഇന്നിംഗ്സുകളിൽനിന്നായി ഏഴു വിക്കറ്റെടുത്ത ലുങ്കി എന്‍കിടി തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. കാഗിസോ റബാഡ മൂന്നു വിക്കറ്റെടുത്തു.

സ്‌കോര്‍- ദക്ഷിണാഫ്രിക്ക 335 & 258, ഇന്ത്യ 307 & 151

മൂന്നിന് 35 എന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ്മയും വാലറ്റത്തില്‍ ഷമിയും മാത്രമാണ് തിളങ്ങിയത്. പാര്‍ഥിവ് പട്ടേല്‍ 19 റണ്‍സെടുത്തു. ഒരറ്റത്ത് രോഹിത് ശര്‍മ്മ പിടിച്ചുനിന്നെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യ(ആറ്), ആര്‍ അശ്വിന്‍(മൂന്ന്) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യയുടെ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. വാലറ്റത്ത് ഷമിയുടെ(24 പന്തില്‍ 28) പ്രകടനം ഇന്ത്യയുടെ തോല്‍വി അല്‍പ്പം വൈകിപ്പിക്കുകയായിരുന്നു.

നായകന്റെ ഇന്നിംഗ്‌സുമായി ഇന്ത്യയെ രക്ഷിക്കും എന്ന് കരുതിയ കോലിയെ(5) എങ്കിടി എല്‍ബിഡബ്ലുവില്‍ പുറത്താക്കിയതോടെ മൂന്നിന് 26 എന്ന നിലയില്‍ ഇന്ത്യ തകരുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 28 റണ്‍സ് ലീഡ് സ്വന്തമാക്കി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 258ന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി എ.ബി ഡിവില്ലിയേഴ്‌സ്(80), ഡീന്‍ എല്‍ഗാര്‍(61) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടി.

ദക്ഷിണാഫ്രിക്കയെ നായകന്‍ ഫാഫ് ഡുപ്ലസിസിന്റെ(48) വീരോചിത ചെറുത്തുനില്‍പാണ് മികച്ച ലീഡിലേക്കെത്തിച്ചത്. വാലറ്റത്ത് 26 റണ്‍സ് നേടിയ വെര്‍നോണ്‍ ഫിലാന്‍ഡറുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായി. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ജസ്പ്രീത് ബൂംമ്ര മൂന്നും ഇശാന്ത് ശര്‍മ്മ രണ്ടും വിക്കറ്റ് വീഴ്ത്തി.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ജനുവരി 24 മുതല്‍ 28 വരെ ജൊഹാന്നസ്ബര്‍ഗില്‍ നടക്കും.