പെര്‍ത്ത്: ആദ്യ ദിവസത്തിലെ തിരിച്ചടിക്ക് രണ്ടാം ദിനം ദക്ഷിണാഫ്രിക്ക അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയപ്പോള്‍ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 244 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ കേവലം രണ്ടു റണ്‍സിന്റെ മാത്രം ലീഡ് നേടാനെ ഓസ്ട്രേലിയക്കായുള്ളു. രണ്ടാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയിലാണ്. 46 റണ്‍സുമായി എല്‍ഗറും 34 റണ്‍സോടെ ഡൂമിനിയും ക്രീസില്‍. 12 റണ്‍സെടുത്ത സ്റ്റീഫന്‍ കുക്കിന്റെയും ഒരു റണ്ണെടുത്ത ഹാഷിം അംലയുടെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സെന്ന ശക്തമായ നിലയിലാണ് ഓസീസ് രണ്ടാം ദിനം ക്രീസിലിറങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 158 റണ്‍സ് വരെയെത്തിയശേഷമായിരുന്നു ഓസീസിന്റെ നാടകീയ തകര്‍ച്ച. ആദ്യം മടങ്ങിയത് 97 റണ്‍സെടുത്ത വാര്‍ണര്‍. പിന്നാലെ ഖവാജ(4), സ്മിത്ത്(0), ഷോണ്‍ മാര്‍ഷ്(63), വോജസ്(27), മിച്ചല്‍ മാര്‍ഷ്(0), നെവില്‍(23), സ്റ്റാര്‍ക്ക്(0), ഹേസല്‍വുഡ്(4), ലിയോണ്‍(0) എന്നിവരും മടങ്ങിയതോടെ വലിയ ലീഡ് ലക്ഷ്യമിട്ട ഓസീസ് രണ്ട് റണ്‍സ് ലീഡിലൊതുങ്ങി. 86 റണ്‍സെടുക്കുന്നതിനിടെയാണ് ഓസീസിന് 10 വിക്കറ്റും നഷ്ടമായത്.

പരിക്കേറ്റ ഡെയ്ല്‍ സ്റ്റെയിന്‍ 12 ഓവറെ എറിഞ്ഞശേഷം പിന്‍മാറിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാന്‍ഡര്‍ നാലും ഇടംകൈയന്‍ സ്പിന്നര്‍ കേശവ് മഹാരാജ് മൂന്നും റബാഡ രണ്ടും വിക്കറ്റെടുത്തു.