ജൊഹ്നാസ്ബര്‍ഗ്: ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലും ജയിച്ച് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്കെതിരായ പരമ്പര 5-0ന് തൂത്തുവാരി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റോസൗയുടെ സെഞ്ചുറിക്കരുത്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തപ്പോള്‍ ഡേവിഡ് വാര്‍ണറുടെ മിന്നുന്ന സെഞ്ചുറിക്കും ഓസീസിനെ രക്ഷിക്കാനായില്ല. സ്കോര്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 327/8, ഓസ്ട്രേലിയ 48.2 ഓവറില്‍ 296ന് ഓള്‍ ഔട്ട്.
ഇതാദ്യമായാണ് ഓസ്ട്രേലിയ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്.ഡേവിഡ് വാര്‍ണറാണ് കളിയിലെ കേമന്‍. റോസോ പരമ്പരയുടെ താരമായി.
173 റണ്‍സെടുത്ത വാര്‍ണര്‍ ഓസീസിനെ ഒറ്റയ്ക്ക് ജയിപ്പിക്കുമെന്ന് കരുതിയെങ്കലും ടീം സ്കോര്‍ 288ല്‍ നില്‍ക്കെ വാര്‍ണര്‍ റണ്ണൗട്ടായത് കളിയില്‍ നിര്‍ണായകമായി. വാര്‍ണര്‍ക്ക് പുറമെ മിച്ചല്‍ മാര്‍ഷ്(35), ടിം ഹെഡ്(35), ഫിഞ്ച്(19) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റോസോയുടെ സെഞ്ചുറിയുടെയും(122), ഡുമിനിയുടെ(73) അര്‍ധസെഞ്ചുറിയുടെ മികവിലാണ് 327 റണ്‍സെടുത്തത്.
