കേപ്‌ടൗണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യദിനം പേസ് ബൗളിംഗിനെ തുണക്കുമെന്ന് കരുതുന്ന പിച്ച് രണ്ടാം ദിനം മുതല്‍ ബാറ്റിംഗിന് അനുകൂലമാകു. ആദ്യ മണിക്കൂറുകളില്‍ പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കുമെന്നതിനാല്‍ തുടക്കം നിര്‍ണായകമാവും.
ടോസ് ലഭിച്ചിരുന്നെങ്കിലും ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞു. സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കാത്ത പിച്ചില്‍ അശ്വിന്‍ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക സ്പിന്നര്‍. ഷാമി, ഭുവനേശ്വര്‍കുമാര്‍, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ ബൗളര്‍മാര്‍. രഹാനെ പുറത്തിരുന്നപ്പോള്‍ രോഹിത് ശര്‍മ ടീമിലെത്തി. മുരളി വിജയ്‌ക്കൊപ്പം ശീഖര്‍ ധവാനാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.
ദക്ഷിണാഫ്രിക്ക നാലു പേസറും ഒരു സ്പിന്നറും എന്ന കോമ്പിനേഷനിലാണ് ടീമിനെ ഇറക്കുന്നത്. സ്റ്റെയിന്‍, മോര്‍ക്കല്‍, റബാഡ, ഫിലാന്‍ഡര്‍, മഹാരാജ് എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ബൗളര്‍മാര്‍.
