ജോഹ്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തോല്‍വിയുടെ വക്കത്ത് നില്‍ക്കുന്ന ദക്ഷിണാഫ്രിക്ക അവസാന മൂന്ന് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. എബി ഡിവില്ലിയേഴ്സ് മടങ്ങി എത്തിയതാണ് ടീമിലെ പ്രധാന മാറ്റം. പരിക്കുമൂലം ഡിവില്ലിയേഴ്സ് പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിരുന്നില്ല.

ഹാഷിം അംല, ജെ.പി.ഡൂമിനി, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്കൊപ്പം ഡിവില്ലിയേഴ്സ് കൂടി എത്തുന്നതോടെ മധ്യനിര ശക്തിപ്പെടുത്താനാകുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീഴുന്ന സാഹചര്യത്തില്‍ സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവ് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

മൂന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന മോണി മോര്‍ക്കലും നാലാം ഏകദിനത്തില്‍ കളിക്കുമെന്നാണ് കരുതുന്നത്. ഇമ്രാന്‍ താഹിറും ടാബ്രൈസ് ഷംസിയും തിളങ്ങാത്ത സാഹചര്യത്തില്‍ ബെഹാര്‍ദ്ദീനെ അന്തിമ ഇലവനില്‍ കളിപ്പിക്കുന്ന കാര്യവും ദക്ഷിണാഫ്രിക്ക ആലോചിക്കുന്നുണ്ട്. പരമ്പരക്കിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും ക്വിന്റണ്‍ ഡീ കോക്കും ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കില്ല. ഡൂപ്ലെസിയുടെ അഭാവത്തില്‍ ഏഡന്‍ മര്‍ക്രം തന്നെ ദക്ഷിണാഫ്രിക്കയെ നയിക്കും.