സെഞ്ചൂറിയന്‍: ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 ആറ് വിക്കറ്റിന് വിജയിച്ച് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. ഇന്ത്യയുയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 30 പന്തില്‍ 69 റണ്‍സെടുത്ത ഹെന്‍റിക് ക്ലാസനും 40 പന്തില്‍ 64 റണ്‍സെടുത്ത ജെ.പി ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ഇന്ത്യയ്ക്കായി ഉനദ്കട്ട് രണ്ടും താക്കുറും പാണ്ഡ്യയും ഓരോ വിക്കറ്റും വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് റണ്‍സെടുത്ത സ്‌മട്ടിനെ തുടക്കത്തിലെ നഷ്ടമായി. 26 റണ്‍സെടുത്ത റീസാ ഹെന്‍റെറിക്സിനെ കൂടി നഷ്ടമായതോടെ അഞ്ച് ഓവറില്‍ 38-2. എന്നാല്‍ മനീഷ് പാണ്ഡെയെ ഓര്‍മ്മിപ്പിച്ച് ക്ലാസന്‍ തകര്‍പ്പനടി തുടങ്ങിയതോടെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തെഴുന്നേറ്റു. 13.1 ഓവറില്‍ 30 പന്തില്‍ 69 റണ്‍സെടുത്ത ക്ലാസനെ പുറത്താക്കി ഉനദ്കട്ട് ഇന്ത്യയെ മത്സരത്തില്‍ തിരികെയെത്തിച്ചു. ഏഴ് സിക്സും മൂന്ന് ബൗണ്ടറിയും ഇതിനകം ക്ലാസന്‍ അടിച്ചുകൂട്ടിയിരുന്നു.

പിന്നാലെ മില്ലറും കൂടാരം കയറിയെങ്കിലും ദക്ഷിണാഫ്രിക്ക കീഴടങ്ങിയില്ല. നായകന്‍റെ ഇന്നിംഗ്സ് കളിച്ച ജെ.പി ഡുമിനി ഒരുവശത്ത് തകര്‍ത്തുകളിച്ചുകൊണ്ടിരുന്നു. 38 പന്തില്‍ നിന്ന് ഡുമിനി അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്ക വിജയ റണ്‍ നേടുമ്പോള്‍ 64 റണ്‍സുമായി ഡുമിനിയും 16 റണ്‍സെടുത്ത് ബെഹാര്‍ഡീനും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 188 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും(79) എംഎസ് ധോണിയുടെയും(52) ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയ്ക്ക് രോഹിത്(0), ധവാന്‍(24), കോലി(1) റെയ്‌ന(30) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡലാ രണ്ടും ഡുമിനിയും ഫെലൂക്വായോയും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.