കേപ്‌ടൗണ്‍: കേപ്‌ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെന്ന നിലയിലാണ്. ആറ് റണ്‍സുമായി ഡിവില്ലിയേഴ്സും ഒരു റണ്ണോടെ ഡൂപ്ലെസിയും ക്രീസില്‍. എല്‍ഗാര്‍(0), മക്രം(5), അംല(3) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാത്. ഭുവനേശ്വര്‍കുമാറാണ് മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് എല്‍ഗാറിനെ നഷ്ടമായി. തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഓവറുകളിലും ഭുവി വിക്കറ്റ് വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്ക സമര്‍ദ്ദത്തിലായി.ആദ്യ മണിക്കൂറുകളില്‍ പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കുമെന്നതിനാല്‍ തുടക്കം നിര്‍ണായകമാണ്.

സ്പിന്നര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കാത്ത പിച്ചില്‍ അശ്വിന്‍ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക സ്പിന്നര്‍. ഷാമി, ഭുവനേശ്വര്‍കുമാര്‍, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ നിരയിലെ ബൗളര്‍മാര്‍. രഹാനെ പുറത്തിരുന്നപ്പോള്‍ രോഹിത് ശര്‍മ ടീമിലെത്തി. മുരളി വിജയ്‌ക്കൊപ്പം ശീഖര്‍ ധവാനാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.

 ദക്ഷിണാഫ്രിക്ക നാലു പേസറും ഒരു സ്പിന്നറും എന്ന കോമ്പിനേഷനിലാണ് ടീമിനെ ഇറക്കുന്നത്. സ്റ്റെയിന്‍, മോര്‍ക്കല്‍, റബാഡ, ഫിലാന്‍ഡര്‍, മഹാരാജ് എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ബൗളര്‍മാര്‍.