റോണോ പ്രഭാവത്തിന് മുന്നില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന വെയ്ല്‍സ് താരം ഗാരത് ബെയ്‍ലാണ് ഇപ്പോള്‍ റയലിന്‍റെ സൂപ്പര്‍ ഹീറോ
മാഡ്രിഡ്: കഴിഞ്ഞ വട്ടം കെെവിട്ട് പോയ ലാ ലിഗ കിരീടം ഇത്തവണ തിരിച്ചു പിടിക്കണമെന്ന വാശിയിലാണ് റയല്‍ മാഡ്രിഡ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസ താരം ക്ലബ് വിട്ടതിന്‍റെ ആഘാതത്തില്‍ നിന്ന് ടീം ഉണര്‍ന്നെഴുന്നേറ്റിട്ടുണ്ട്. റോണോ പ്രഭാവത്തിന് മുന്നില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന വെയ്ല്‍സ് താരം ഗാരത് ബെയ്‍ലാണ് ഇപ്പോള്‍ റയലിന്‍റെ സൂപ്പര്‍ ഹീറോ.
ലാ ലിഗയില്‍ ഗെറ്റാഫയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മുക്കിയത്. ആദ്യ പകുതിയില്‍ ഡാനി കര്‍വഹാളും രണ്ടാം പകുതിയില്‍ ബെയ്‍ലുമാണ് ഗോളുകള്‍ സ്വന്തമാക്കിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ റയല്‍ ഗെറ്റാഫയുടെ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും ഭാഗ്യത്തിന്‍റെ അകമ്പടിയാണ് രണ്ട് ഗോള്‍ തോല്‍വിയില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ചത്.
തുടര്‍ച്ചയായി ഇപ്പോള്‍ ഗോളുകള്‍ നേടുന്ന ബെയ്‍ലിന്‍റെ സീസണിലെ ആദ്യ ലാ ലിഗ മത്സരത്തില്‍ നേടിയ ഗോളിന് ഒരു പ്രത്യേകതയുണ്ട്. കഴിഞ്ഞ മൂന്ന് സീസണിലും സ്പാനിഷ് ലീഗിലെ റയലിന്‍റെ ആദ്യ മത്സരത്തില്‍ ബെയ്‍ല്‍ ഗോള്‍ നേടിയിട്ടുണ്ട്. 2015-16ല്‍ റയല്‍ ബെറ്റിസ്, 2016-17ല്‍ റയല്‍ സോസിഡാഡ്, 2017-18ല്‍ ഡിപ്പോര്‍ട്ടീവോ ലാ കൊറൂണ എന്നിവരാണ് ബെയ്‍ലിന്‍റെ ബൂട്ടിന്‍റെ ചൂടറിഞ്ഞത്.
ഈ സീസണിലെല്ലാം ക്ലബ്ബിന്‍റെ ആദ്യ ഗോളും ബെയ്‍ലിന്‍റെ വക തന്നെയായിരുന്നു. ഇത്തവണ പക്ഷേ, കര്‍വഹാള്‍ ആദ്യ ഗോള്‍ കണ്ടെത്തിയതോടെ ബെയ്‍ലിന് രണ്ടാം പകുതിയിലാണ് വലനിറയ്ക്കാന്‍ സാധിച്ചത്.
