മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകനും ബോള്‍ ബോയിയുമായ ധരംവീര്‍ പാലിനെ ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഇന്ത്യയുടെ മിക്കവാറും മത്സരങ്ങളിലും ബൗണ്ടറിക്ക് പുറത്ത് ഭിന്നശേഷിക്കാരുനായ ധരംവീര്‍ പന്തെടുത്ത് കൊടുക്കാന്‍ നില്‍ക്കുന്നത് ഇന്ത്യന്‍ ആരാധകര്‍ എത്രയോ തവണ കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ ധരംവീറിനെ ബൗണ്ടറിക്ക് പുറത്ത് കാണാനാവില്ല. ധരംവീറിനെ ബോള്‍ ബോയി ആയി നിയോഗിക്കുന്നതിനോട് ബിസിസിഐ വിയോജിച്ചതാണ് കാരണം.
പോളിയോമൂലം കാലിന് സ്വാധീനശേഷി നഷ്ടമായ ധരംവീറിനെ ബോള്‍ ബോയി ആയി നിയോഗിക്കുന്ന ബിസിസിഐ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ധരംവീറിനെ ബോള്‍ ബോയി ആയി നിയോഗിക്കുന്നതിനെതിരെ ഇ-മെയിലിലും ബിസിസിഐക്ക് നിരവധി പരാതികളാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ധരംവീറിനെ ബോള്‍ ബോയി ആക്കേണ്ടെന്ന് മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിസിസിഐ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മത്സരങ്ങള്‍ സ്റ്റേഡിയത്തിലിരുന്ന സൗജന്യമായി കാണാന്‍ ധരംവീറിന് ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ട്.

സച്ചിന്‍ അടക്കമുള്ള നിരവധി ഇന്ത്യന്‍ താരങ്ങളുടെ സുഹൃത്താണ് ധരംവീര്‍. വിടവാങ്ങല്‍ ടെസ്റ്റിനുശേഷം സച്ചിന്‍ ധരംവീറിനും തന്റെ മറ്റൊരു ആരാധകനായ സുധീര്‍ കുമാര്‍ ഗൗതമിനും സമീപമെത്തി സംസാരിച്ചിരുന്നു.

