2019ല്‍ കായികപ്രേമികളെ കാത്തിരിക്കുന്ന പ്രധാന ആവേശപ്പോരുകള്‍ ഏതൊക്കെയെന്ന് നോക്കാം. ക്രിക്കറ്റില്‍ ഏകദിന ലോകകപ്പും ഐപിഎല്ലും ആവേശം സൃഷ്ടിക്കുമ്പോള്‍ ഫുട്ബോളില്‍ വനിതാ ലോകകപ്പും കോപ്പ അമേരിക്കയും ചാമ്പ്യന്‍സ് ലീഗ് ഫൈനലും ആവേശക്കടലാകും.

പുതുവർഷത്തിലും കായികപ്രേമികളെ കാത്തിരിക്കുന്നത് ആവേശകരമായ മത്സരങ്ങൾ. ഏകദിന ക്രിക്കറ്റ് ലോകകപ്പാണ് 2019ലെ മുഖ്യ ആകർഷണം. എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ പോരാട്ടങ്ങളോടെയാണ് പുതുവർഷം കായികാരവങ്ങളിലേക്ക് വീഴുക. ടൂർണമെന്‍റ് ജനുവരി അഞ്ച് മുതൽ ഫെബ്രുവരി ഒന്നുവരെ യു എ ഇയിൽ നടക്കും. 

ജൂൺ ഏഴ് മുതൽ ജൂലൈ ഏഴുവരെ വനിതാ ലോകകപ്പ് ഫുട്ബോൾ ഫ്രാൻസിൽ അരങ്ങേറും. ഇതേസമയം ബ്രസീലിലെ കളിത്തട്ടുകളിൽ കോപ്പ അമേരിക്കയിലും പന്തുരുളും. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ജൂൺ ഒന്നിന് മാഡ്രിഡിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയത്തിനായി സിഡ‍്നിയിൽ വ്യാഴാഴ്ച ഇറങ്ങുന്നു. 

വിരാട് കോലിയെയും കൂട്ടരെയും കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി മെയ് 30 മുതൽ ജൂലൈ 14 വരെ നീണ്ടുനിൽക്കുന്ന ഏകദിന ലോകകപ്പാണ്. ഐപിഎൽ ആരവം മാർച്ച് 29 മുതൽ മേയ് 19വരെ. ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ യുഎഇയിയോ ദക്ഷിണാഫ്രിക്കയോ ഐപിഎല്ലിന്‍റെ പന്ത്രണ്ടാം പതിപ്പിന് വേദിയായേക്കും. ഏപ്രിലിൽ ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പും സെപ്റ്റംബർ 28 മുതൽ ഒക്ടോബ‍ർ ആറുവരെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും ദോഹ വേദിയാകും. 

ടെന്നിസിൽ ഗ്രാൻസ്ലാം ടൂർണമെന്‍റുകൾക്ക് തുടക്കമാവുക ജനുവരി 14ലെ ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ്. മെയിൽ ഫ്രഞ്ച് ഓപ്പണും ജൂലൈയിൽ വിംബിൾഡണും ഓഗസ്റ്റിൽ യു എസ് ഓപ്പണും നടക്കും. ഫോർമുല വൺ കാറോട്ടങ്ങൾക്ക് തുടക്കമാവുക മാർച്ച് 17ന് മെൽബണിൽ. ഇതിനപ്പുറവും കായിക പ്രേമികളെ ഓരാ ദിവസവും കാത്തിരിക്കുന്നത് വ്യത്യസ്ത കളിത്തട്ടുകളിലെ ആവേശക്കാഴ്ചകളാണ്.