Asianet News MalayalamAsianet News Malayalam

സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു

Sports lottery scam case
Author
First Published Jan 17, 2018, 5:00 PM IST

തിരുവനന്തപുരം: സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസ് വിജിലൻസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ടി.പി.ദാസനെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന വിജിസൻസിന്‍റെ കണ്ടെത്തൽ ശരിവച്ച് നിയമോപദേശം ലഭിച്ചു. എന്നാൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് പരാതിക്കാരിയായ അജ്ഞുബോബി ജോർജ്ജ് പറഞ്ഞു.

ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസ്  അവസാനിപ്പിക്കാനാണ് വിജിലൻസിനുള്ളിൽ ചർച്ചകള്‍ തുടങ്ങിയത്. കഴിഞ്ഞ ഇടതുസർക്കാറിന്‍റെ കാലത്ത് പുറത്തിറക്കിയ സ്പോട്സ് ലോട്ടറി വിൽപ്പനയിൽ 28,10,000 രൂപയുടെ ക്രമക്കേട് നടന്നുവെന്ന ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്. 

എത്ര ലോട്ടറി വിറ്റെന്നോ വരുമാനം എത്രയെന്ന വ്യക്തതയില്ലെന്നായിരുന്നു  എ.ജിയുടെ കണ്ടെത്തൽ. ലോട്ടറി വിറ്റ പണത്തെ കുറിച്ച് വ്യക്തമായ രേഖകളില്ലെന്നായിരുന്ന വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട്. കൗണ്‍സിൽ പ്രസിഡന്‍റ് ടി.പിദാസനായിരുന്നു ഒന്നാം പ്രതി. പക്ഷെ ഇപ്പോള്‍ വിജിലൻസ് ദാസന് ക്ലീൻ ചിറ്റാണ് നൽകുന്നത്. 

കൗണ്‍സില്‍ ഓഫീസിൽ നടത്തിയ പരിശോധനയിൽ രേഖകളെല്ലാം കണ്ടെത്താൻ സാധിച്ചു, വിജിലൻസിന്‍റെ  മേൽനോട്ടത്തിൽ വീണ്ടും നടത്തിയ ഓഡിറ്റിൽ പണം നഷ്ടമായിട്ടില്ലെന്നുമാണ് വസ്തുത റിപ്പോർട്ട്. മതിയായ രേഖകളില്ലാതെ പ്രോസിക്യൂഷൻ വേണ്ടെന്ന് നിയമപദേശവും വിജിലൻസിന് ലഭിച്ചു. 

ഇനിയും മുന്നോട്ടുപോയിട്ട്  കാര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ലോട്ടറി വിൽപ്പനയിലെ ക്രമക്കേട് പൊടി തട്ടിയെടുത്തോടെയാണ് സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡന്‍റ് അഞ്ചു ബോബി ജോർജ്ജും കായിക മന്ത്രിയായിരുന്ന ഇ.പി.ജയരാജനുമായി പ്രശ്നങ്ങള്‍ തുടങ്ങിയതും രാജിയിൽ കലാശിച്ചതും. കേന്ദ്ര വിജിലൻസ് കമ്മീഷനെ പരാതിയുമായി സമീപിക്കുമെന്ന് അജ്ഞുബോബി ജോർജ്ജ് പ്രതികരിച്ചു.
ഡയറക്ടർ ലോക്നാഥ് ബെഹ്റ അന്തിമതീരുമെടുത്താൽ കേസ് അവസാനിപ്പിച്ച കോടതിയിൽ റിപ്പോ‍ർട്ട് സമർ‍പ്പിക്കും. 

Follow Us:
Download App:
  • android
  • ios