ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ആദ്യ ട്വന്റി-20യിലെ അപ്രതീക്ഷിത തോല്‍വിയ്ക്ക് ഇന്ത്യ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റ് ജയവുമായി കണക്കു തീര്‍ത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഉയര്‍ത്തിയ 100 റണ്‍സിന്റെ വിജയലക്ഷ്യം 10 വിക്കറ്റും 41 പന്തും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ മന്‍ദീപ് സിംഗും(40 പന്തില്‍ 52) കെ എല്‍ രാഹുലും(40 പന്തില്‍ 47) ചേര്‍ന്നാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി(1-1). സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 99/9, ഇന്ത്യ 13.1 ഓവറില്‍ 103/0. അരങ്ങേറ്റത്തില്‍ തന്നെ 10 രണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി സിംബാബ്‌വെയെ എറിഞ്ഞിട്ട ബരീന്ദര്‍ സ്രാനാണ് കളിയിലെ കേമന്‍.

തോറ്റാല്‍ പരമ്പരയും മാനവും പോകുമെന്ന തിരിച്ചറിവില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. റിഷി ധവാന് പകരം ബരീന്ദര്‍ സ്രാനും ജയദേവ് ഉനദ്ഘട്ടിന് പകരം ധവാല്‍ കുല്‍ക്കര്‍ണിയും ടീമിലെത്തി. ധോണിയുടെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് സ്രാന്‍ പുറത്തെടുത്തത്. ഓപ്പണിംഗ് സ്പ്പെല്ലില്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത സ്രാന്‍ സിംബാബ്‌വെയുടെ മുന്‍നിരയെ തകര്‍ത്തു. പിന്നീട് ബൂമ്രയുടെ ഊഴമായിരുന്നു. 11 റണ്‍സിന് മൂന്നുവിക്കറ്റെടുത്ത ബൂമ്ര സിംബാബ്‌വെയുടെ നടുവൊടിച്ചു. 31 റണ്‍സെടുത്ത മൂര്‍ ആണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗില്‍ തിടുക്കമില്ലാതെ തുടങ്ങിയ ഇന്ത്യ മന്‍ദീപ് സിംഗിന്റെയും രാഹുലിന്റെയും ബാറ്റിംഗ് മികവില്‍ ആനായാസ ജയം നേടി.പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 22ന് നടക്കും.