Asianet News MalayalamAsianet News Malayalam

കോടതി വെറുതെവിട്ടപ്പോഴും ശ്രീശാന്തിനോട് പൊറുക്കാതെ ബിസിസിഐ

Sreesanth ban sreesanth BCCI
Author
First Published Aug 7, 2017, 6:38 PM IST

കൊച്ചി: കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ ശ്രീശാന്തിനോട് ശത്രുതാ നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെയാണ് ശ്രീശാന്ത് കോടതിയെ സമീപിച്ചത്. 2013 മേയ് ഒന്‍പതിന്  മൊഹാലിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന എസ് ശ്രീശാന്ത് ഒത്തുകളിച്ചുവെന്നായിരുന്നു ദില്ലി പൊലീസിന്‍റെ ആരോപണം. സഹതാരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പം വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു.

ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. രണ്ടുവര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ദില്ലി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ
കുറ്റവിമുക്തനാക്കി. എന്നിട്ടും ബിസിസിഐ വിലക്ക് നീക്കിയില്ല. ഒത്തുകളിച്ചതിന് ഐപിഎല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ലീഗില്‍ തിരിച്ചെത്തിയിട്ടും ശ്രീശാന്തിനോടുള്ള വിവേചനം തുടര്‍ന്നു. സ്കോട്‍‍ലന്‍ഡ് ലീഗില്‍ കളിക്കാനുള്ള ശ്രീശാന്തിന്റെ അപേക്ഷയും നിരസിച്ചു.

ദേശീയ ടീമില്‍ കളിക്കവേ ഒത്തുകളി ആരോപണം നേരിട്ട മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയും ബിസിസിഐക്ക്  പ്രിയപ്പെട്ടവരായി മാറിയപ്പോഴും ശ്രീശാന്തിന്റെ വിലക്ക് മാറ്റാന്‍ തയ്യാറായില്ല. കോടതി കുറ്റ വിമുക്തനാക്കിയെങ്കിലും ബിസിസിഐ നിയോഗിച്ച പ്രത്യേക സമിതിയുടെ അന്വേഷണത്തില്‍
ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി എന്നാണ് ബോര്‍ഡിന്റെ വാദം.

ഈ അന്വേഷണ റിപ്പോട്ട് ബിസിസിഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈസാഹചര്യത്തിലാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. മുപ്പത്തിനാല് വയസ്സായെങ്കിലും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാമെന്ന് ശ്രീശാന്ത് കരുതുന്നു. 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്ന് 75
വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യയുടെ ട്വന്‍റി 20, ലോകകപ്പ് വിജയത്തിലും പങ്കാളിയായി.

Follow Us:
Download App:
  • android
  • ios