കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ആജീവനാന്ത വിലക്ക് നീക്കിയിട്ടും ദേശീയ – രാജ്യാന്തര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ബിസിസിഐ അനുമതി നല്‍കുന്നില്ലെന്നാണ് ആക്ഷേപം.

വാതുയ്പിന്റെ പേരില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനാന്ത വിലക്ക് ദിവസങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോഴയാരോപണത്തില്‍ നിന്ന് ഡല്‍ഹി പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐയുടെ വിലക്ക് തുടരുന്നതാണ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഉത്തരവിന് പിന്നാലെയാണ് വീണ്ടും കളിക്കളത്തിലിറങ്ങാന്‍ അനുമതി തേടി ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിയെ സമീപിച്ചത്. എന്നാല്‍ അനുകൂലമായ മറുപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ഉത്തരവില്‍ വ്യക്തത വരുത്തണം, കളക്കളത്തിലിറങ്ങാന്‍ അനുമതി നല്‍കുന്നതിന് ബിസിസിഐയോട് നിര്‍ദേശിക്കണം എന്നിവയാണ് ആവശ്യങ്ങള്‍. നേരത്തെ സ്‌കോട്ടിഷ് ലീഗില്‍ കഴിക്കാന്‍ അനുമതി നിഷേധിച്ചതോടെയാണ് ബിസിസിഐയുടെ വിലക്ക് തന്നെ ചോദ്യം ചെയ്ത് ശ്രീശാന്ത് ഹൈക്കോടതിയില്‍ എത്തിയത്. അനുമതി ലഭിച്ചാല്‍ സ്‌കോട്ടിഷ് ലീഗില്‍ അടുത്തമാസം നടക്കുന്ന ചില അവസാന മല്‍സരങ്ങളില്‍ പങ്കെടുക്കാമെന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ. ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.