ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചുകൊണ്ട് മലയാളികള്‍ക്കാകെ അഭിമാനമായ താരമാണ് ശ്രീശാന്ത്. മികച്ച ബൗളിംഗ് പ്രകടനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ പേരെടുത്ത ക്രിക്കറ്റര്‍. എന്നാല്‍ ഐ പി എല്ലിലെ കോഴക്കറ പുരണ്ടപ്പോള്‍ ശ്രീയുടെ ക്രിക്കറ്റ് കരിയറിന് തീരശീല വീണു. പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത്, കഠിനമായ പരിശീലനമൊക്കെ തുടങ്ങി. പക്ഷേ കളിയിലേക്കുള്ള വരവ് പിന്നെയും നീളുന്നതാണ് കണ്ടത്. ഇതിനിടയില്‍ മ്യൂസിക് ആല്‍ബം മുതല്‍ സിനിമയില്‍ വരെ അഭിനയിച്ചു ശ്രീശാന്ത്. ടീം 5 എന്ന മലയാളം സിനിമയിലാണ് ശ്രീശാന്ത് ഒടുവില്‍ വേഷമിട്ടത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ചാണ് ഏവര്‍ക്കുമറിയേണ്ടത്. ഇതുസംബന്ധിച്ച ആകാംക്ഷകള്‍ക്ക് ശ്രീശാന്തിന്റെ വാക്കുകള്‍ തന്നെ വിരാമമിടുകയാണ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് പരിപാടിയില്‍ പങ്കെടുക്കവെയാണ് ശ്രീശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. തനിക്കൊരു സ്വപ്‌നമുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞപ്പോള്‍, അതിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് മുകേഷിന്റെ ചോദ്യം. ഇതിന് മറുപടിയായി ശ്രീശാന്ത് പറഞ്ഞത്, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത് 90-95 ശതമാനം ഓ.ക്കെയാണെന്നാണ്. ഏതായാലും, ക്രിക്കറ്റിലേക്ക് മടങ്ങിയെത്താന്‍ ശ്രീശാന്ത് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള തീവ്ര പരിശീലനത്തിലുമാണ് ശ്രീശാന്ത്. ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് അധികംവൈകാതെ കാണാനാകുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കായി ശ്രീശാന്ത് ബഡായി ബംഗ്ലാവിലൂടെ പങ്കുവെച്ചത്.