കൊച്ചി: വിലക്ക് നീക്കിയതില്‍ ആഹ്ലാദത്തിലാണ് ശ്രീശാന്തിന്റെ കുടുംബം. ഹൈക്കോടതി വിധിയറിഞ്ഞ ശേഷം വീട്ടിലെത്തിയ ശ്രീശാന്ത് മകള്‍ക്കൊപ്പം പന്തു തട്ടി ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് ആഘോഷമാക്കി.

വിലക്ക് നീക്കിയെന്ന ഹൈക്കോടതി വിധി അറിഞ്ഞ ശേഷം ശ്രീശാന്ത് ആദ്യം പോയത് കൊച്ചി കലൂരിലെ പള്ളിയിലേയ്‌ക്കായിരുന്നു. നാല് വര്‍ഷത്തിലധികം നീണ്ട വിലക്കിന് വിരാമമിട്ടതില്‍ ദൈവത്തിന് നന്ദി പറഞ്ഞ്, നേരെ ഇടപ്പള്ളിയിലെ വീട്ടിലേക്ക്.

മക്കള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ശ്രീശാന്ത് പറഞ്ഞു. എല്ലാവരോടും നന്ദിയുണ്ട്. കെസിഎയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും. രണ്ടാം വരവില്‍ ശ്രീശാന്തിന് ആദ്യ പന്ത് എറിഞ്ഞ് കൊടുത്തത് മകള്‍ സാന്‍വിക. പിന്നെ അച്ഛനും മകളും ചേര്‍ന്ന പോരാട്ടം.