Asianet News MalayalamAsianet News Malayalam

ശ്രീശാന്തിന്റെ ഭാവി ഇനി കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൈകളില്‍

Sreesanths fate is now on KCA hand
Author
First Published Aug 7, 2017, 6:13 PM IST

കൊച്ചി: ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയതോടെ ശ്രീശാന്തിന്റെ ഭാവി കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൈകളിലായി. ശ്രീശാന്തിന് എല്ലാ പിന്തുണയും നല്‍കുമെന്നായിരുന്നു ഹൈക്കോടതി വിധിയോട് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജിന്റെ ആദ്യ പ്രതികരണം. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങന്നത്.

ഹൈക്കോടതി വിധിയിലൂടെ ശ്രീശാന്തിനുണ്ടായിരുന്ന എല്ലാ  വിലക്കുകളും നീങ്ങും. കരിയറിലെ  സുപ്രധാന വര്‍ഷങ്ങള്‍ നഷ്‌ടമായ ശ്രീശാന്തിന് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുമാത്രമേ ഇന്ത്യന്‍  ടീമിലേക്കുള്ള വാതില്‍ തുറക്കാനാവൂ. ഇതുകൊണ്ടുതന്നെ ഇനി എല്ലാം കേരള ക്രിക്കറ്റ്  അസോസിയേഷന്റെ കൈകളിലാണ്.
ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് അവസരമൊരുക്കുകയാണ് കെസിഎ ആദ്യം ചെയ്യേണ്ടത്. ആഭ്യന്തര ക്രിക്കറ്റിലെ മികവിലൂടെ മാത്രമെ 33കാരനായ ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എന്ന തന്റെ സ്വപ്നം സഫലമാക്കാനാവൂ.

ഈ വര്‍ഷം അവസാനം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയ്‌ക്കായി പോവുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ മികച്ച റെക്കോര്‍ഡുള്ള ശ്രീയ്‌ക്ക് പക്ഷെ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ അസാമാന്യ മികവ് പുറത്തെടുക്കേണ്ടിവരും. നിലവില്‍ ടീം ഇന്ത്യയില്‍ പേസ് ബൗളര്‍മാര്‍ക്ക് ക്ഷാമമില്ല. ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍ കുമാറും ജസ്‌പ്രീത് ബൂമ്രയും ഇഷാന്ത് ശര്‍മയും എല്ലാം ടീമില്‍ സ്ഥിര സാന്നിധ്യമായുണ്ട്.

എന്നാല്‍ പന്തിലെ സ്വീം മൂവ്മെന്റാണ് ശ്രീയെ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് വീണ്ടെടുത്താല്‍ ശ്രീയ്‌ക്ക് പ്രതീക്ഷയ്‌ക്ക് വകയുണ്ട്. ക്രിക്കറ്റില്‍ നിന്ന് പുറത്തായപ്പോഴും മികച്ച കായികക്ഷമത നിലനിര്‍ത്തിയിരുന്ന ശ്രീ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇനി ടീമില്‍ തിരിച്ചെത്താനുള്ള വഴി തുറക്കേണ്ടത്. അതിന് അവസരം ഒരുക്കേണ്ടതാകട്ടെ കേരള ക്രിക്കറ്റ് അസോസിയേഷനും.

എന്തായാലും കരിയറില്‍ വെല്ലുവിളികള്‍ ഏറെ അതിജീവിച്ചിട്ടുള്ള ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് സഹതാരവും കേരള മുന്‍ക്യാപ്റ്റനുമായ സോണി
ചെറുവത്തൂരിനെപ്പോലുള്ളവര്‍ വിശ്വസിക്കുന്നു.

Follow Us:
Download App:
  • android
  • ios