ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരേ ദക്ഷിണാഫ്രിക്ക 124ന് എല്ലാവരും പുറത്തായി.

കൊളംബൊ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക കൂറ്റന്‍ ലീഡിലേക്ക്. ലങ്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338നെതിരേ ദക്ഷിണാഫ്രിക്ക 124ന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ലങ്ക ഇന്ന് കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ അവര്‍ക്ക് 365 റണ്‍സ് ലീഡായി. ആദ്യ ടെസ്റ്റ് ശ്രീലങ്ക വിജയിച്ചിരുന്നു. 

59 റണ്‍സോടെ ദിമുത് കരുണാരത്‌നെയും 12 റണ്‍സുമായി എയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍. നേരത്തെ അഖില ധനഞ്ജയയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് സന്ദര്‍ശകരെ തോല്‍പ്പിച്ചത്. ദില്‍റുവാന്‍ പെരേര നാല് വിക്കറ്റ് വീഴ്ത്തി.

ലങ്കയുടെ രണ്ടാം ഇന്നിങ്‌സില്‍ 61 റണ്‍സ് നേടിയ ധനുഷ്‌ക ഗുണതിലകയും റണ്ണെടുക്കാതെ ധനന്‍ജയ ഡി സില്‍വയെയും കേശവ് മഹാരാജ് പുറത്താക്കിയപ്പോള്‍ 18 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായി. നേരത്തെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ടോപ് സ്‌കോറര്‍.