കരിയറിലെ അവസാന ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ശ്രീലങ്കന്‍ സ്‌പിന്നര്‍ രങ്കണ ഹെരാത്ത്. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിനെ പുറത്താക്കി ഗോളില്‍ ഹെരാത്ത് 100 വിക്കറ്റ് തികച്ചു. ടെസ്റ്റില്‍ ഒരു വേദിയില്‍ 100 വിക്കറ്റ് തികയ്ക്കുന്ന...

ഗോള്‍: കരിയറിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ചരിത്രമെഴുതി ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ സ്‌പിന്നര്‍ രങ്കണ ഹെരാത്ത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കി ഹെരാത്ത് ഗോളില്‍ 100 വിക്കറ്റ് തികച്ചു. ടെസ്റ്റില്‍ ഒരു വേദിയില്‍ നൂറ് വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ബൗളറാണ് ഹെരാത്ത്. ശ്രീലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

കരിയറിലെ 93-ാം ടെസ്റ്റില്‍ 17-ാം ഓവറിലാണ് ഫോമിലായിരുന്ന റൂട്ടിനെ ഹെരാത്ത് ബൗള്‍ഡാക്കിയത്. ക്രീസിന് പുറത്തിറങ്ങി ഹെരാത്തിനെ അടിച്ചകറ്റാന്‍ ശ്രമിച്ച റൂട്ടിന് പന്തിന്‍റെ ലെങ്ത് മനസിലാക്കുന്നത് പിഴച്ചപ്പോള്‍ കുറ്റി തെറിക്കുകയായിരുന്നു. ടെസ്റ്റില്‍ ഹെരാത്തിന്‍റെ 431-ാം വിക്കറ്റ് കൂടിയാണിത്. ഈ ടെസ്റ്റോടെ ലങ്കന്‍ സ്‌പിന്നര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറയും. പത്തൊന്‍പത് വര്‍ഷം മുന്‍പ് ഇതേവേദിയിലാണ് ഹെരാത്ത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.